ഹരിയാനയിലെ ക്വാറിയില്‍ മണ്ണിടിച്ചില്‍: നാല് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Update: 2022-01-01 18:29 GMT

ചണ്ഡിഗഢ്: ഹരിയാനയിലെ ക്വാറിയിലുണ്ടായ മണ്ണിടിച്ചില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്. ഭിവാനി ജില്ലയിലെ തോഷാം ബ്ലോക്കിലെ ദാദമിലാണ് സംഭവം. ട്രക്കുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബിഹാര്‍ സ്വദേശി തൂഫന്‍ ശര്‍മ (30), ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ബഗന്‍വാല സ്വദേശി ബിന്ദര്‍ (23) എന്നിവര്‍ മരിച്ചതായി ഭിവാനി ചീഫ് മെഡിക്കല്‍ ഓഫിസര്‍ രഘുവീര്‍ ഷാന്‍ഡില്യ സ്ഥിരീകരിച്ചു. ഇനിയും ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് (ശിവാനി) മനോജ് കുമാര്‍ പറഞ്ഞു.

തൊഴിലാളികള്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. കൃഷിമന്ത്രി ജെ പി ദലാല്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി രക്ഷാസംഘങ്ങള്‍ സ്ഥലത്തെത്തിിട്ടുണ്ടെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് വിജ് മരണസംഖ്യ സംബന്ധിച്ച വിവരമറിയിച്ചത്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഖനന സ്ഥലത്ത് നടന്ന സംഭവത്തില്‍ എനിക്ക് അതിയായ ദു:ഖമുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഗാസിയാബാദില്‍നിന്ന് ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), മധുബനില്‍നിന്ന് സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ഹിസാറില്‍നിന്നുള്ള ആര്‍മി യൂനിറ്റ് എന്നിവരെ വിളിച്ചിട്ടുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രദേശത്തെ ഖനനപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം നീക്കിയതിന് ശേഷം ദാദം ഖനന മേഖലയിലും ഖനക് പഹാരിയിലും ഖനനപ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടന്നുവരികയാണ്. അനധികൃത ഖനനമാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് ബിജെപി എംപി ധരംവീര്‍ സിങ് ആരോപിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ധരംവീര്‍ സിങ് ആവശ്യപ്പെട്ടു. അതേസമയം, ഖട്ടര്‍ ഭരണത്തിന് കീഴില്‍ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല, ഈ മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദിയെന്ന് ബിജെപി സര്‍ക്കാരിനോട് ചോദിച്ചു. ഖനന റാക്കറ്റിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുമോയെന്നും അദ്ദേഹം ട്വീറ്റില്‍ സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു.

Tags:    

Similar News