വിദ്വേഷ പരാമര്‍ശം; തമിഴ്‌നാട്ടുകാരെ മൊത്തം ഉദ്ദേശിച്ചില്ലെന്ന് ശോഭ; കേരള പരാമര്‍ശം പിന്‍വലിച്ചില്ല

Update: 2024-03-20 04:05 GMT

ബെംഗളൂരു: തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെ. തമിഴ്‌നാട്ടിലെ ആളുകള്‍ ഭീകര പരിശീലനം നടത്തി ബെംഗളൂരുവില്‍ സ്‌ഫോടനം നടത്തുന്നു എന്ന പരാമര്‍ശത്തിലാണു മാപ്പു പറഞ്ഞത്. തമിഴ്‌നാട്ടുകാരെ മൊത്തത്തില്‍ ഉദ്ദേശിച്ചില്ല എന്നാണ് ശോഭയുടെ വിശദീകരണം. അതേസമയം കേരളത്തെ കുറിച്ചുള്ള പരാമര്‍ശം ശോഭ പിന്‍വലിച്ചില്ല.

തമിഴ്‌നാട്ടിലെ ആളുകള്‍ ബോംബ് ഉണ്ടാക്കാന്‍ പരിശീലനം നേടി ബെംഗളൂരുവില്‍ എത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നെന്നും കേരളത്തില്‍നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുമാണ് ശോഭ പറഞ്ഞത്. ''ഒരാള്‍ തമിഴ്നാട്ടില്‍നിന്നു വന്ന് ഒരു കഫേയില്‍ ബോംബ് വച്ചു. ഡല്‍ഹിയില്‍നിന്നു മറ്റൊരാള്‍ വന്ന് നിയമസഭയില്‍ പാക്ക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. കേരളത്തില്‍നിന്നു മറ്റൊരാള്‍ വന്ന് കോളജ് വിദ്യാര്‍ഥികള്‍ക്കു നേരെ ആസിഡ് ഒഴിക്കുന്നു'' ശോഭ പറഞ്ഞു. ബെംഗളൂരുവില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയവര്‍ക്കെതിരെ ആക്രമണം നടന്നെന്നും ശോഭ ആരോപിച്ചു.

ബെംഗളുരു നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ശോഭയുടെ വിദ്വേഷ പരാമര്‍ശം. ശോഭ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരുവിലെ രാമശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കു നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു പ്രസ്താവന.

ശോഭയ്ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. വിദ്വേഷ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കഫേയിലുണ്ടായ സ്‌ഫോടനത്തിന്റെ പ്രതികളുടെ വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ ഒന്നുകില്‍ എന്‍ഐഎ ഉദ്യോഗസ്ഥരായിരിക്കണം അല്ലെങ്കില്‍ സ്‌ഫോടനവുമായി ബന്ധമുള്ളവരായിരിക്കണമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.






Tags:    

Similar News