വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍
വിദ്വേഷ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 29 ന് രാവിലെ 11 മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് അടക്കം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാനില്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസംഗത്തിലാണ് കമ്മീഷന്റെ നടപടി.
പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ പരാതി നല്‍കിയിട്ടും വിഷയത്തില്‍ ഇടപെടാത്തതില്‍ കമ്മീഷനെ എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കമ്മീഷന്റെ നടപടി. മുസ്ലിം വിഭാഗത്തെ കൂടുതല്‍ കുട്ടികളുള്ളവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചുള്ളതായിരുന്നു മോദിയുടെ രാജസ്ഥാനില്‍ പ്രസംഗം.
'ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോണ്‍ഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തില്‍ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നാണ്. എന്നുവച്ചാല്‍ ഇപ്പോഴും അവര്‍ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കായിരിക്കും, നുഴഞ്ഞു കയറിയവര്‍ക്കുമായിരിക്കും. നിങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവര്‍ക്ക് നല്‍കണോ? നിങ്ങള്‍ക്ക് അതിന് സമ്മതമാണോ?' മോദി തിരഞ്ഞെടുപ്പ് യോഗത്തില്‍ ചോദിച്ചു.
'കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വര്‍ണ്ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് രാജ്യത്തിന്റെ സമ്പത്തിനു മുകളില്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത് മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞത്. ഈ അര്‍ബന്‍ നക്‌സല്‍ ചിന്താഗതികള്‍ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകള്‍ പോലും ബാക്കിവയ്ക്കില്ല' എന്നും മോദി പറഞ്ഞിരുന്നു.