വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ അന്തരീക്ഷത്തെ മലിനമാക്കുന്നു: സുപ്രിംകോടതി

Update: 2022-10-11 06:14 GMT

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ അന്തരീക്ഷത്തെ മലിനമാക്കുന്നുവെന്നും അവ നിയന്ത്രിക്കേണ്ടതുണ്ടെന്നും സുപ്രിംകോടതി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷപ്രസംഗങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹര്‍പ്രീത് മന്‍സുഖാനി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ന്യൂനപക്ഷ സമുദായത്തിനെതിരേ ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ നേടാനും എല്ലാ സ്ഥാനങ്ങളിലും അധികാരം പിടിക്കാനും വംശഹത്യ നടത്താനും 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിദ്വേഷ പ്രസംഗങ്ങളെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്വേഷ പ്രസംഗങ്ങളില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം കാണിക്കുകയാണ്. ഇത്തരം പ്രസംഗങ്ങള്‍ സര്‍ക്കാര്‍ തടയണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിദ്വേഷ പ്രസംഗങ്ങളുടെ ഫലമായി രാജ്യത്തെ അന്തരീക്ഷം മുഴുവന്‍ മലിനമാക്കപ്പെടുകയാണെന്ന് ഹരജിയില്‍ പറയുന്നത് ശരിയായിരിക്കാം. ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്ന് പറയാന്‍ നിങ്ങള്‍ക്ക് ന്യായമായ എല്ലാ കാരണങ്ങളും ഉണ്ടായിരിക്കാം. എന്നാല്‍, ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ ഹരജി നല്‍കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹരജിയില്‍ വിശദാംശങ്ങളോ വിവരങ്ങളോ ഇല്ലെന്നും കൂടാതെ 'അവ്യക്തമായ' അവകാശവാദങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കോടതി അഭിപ്രായപ്പെട്ടു. ഹരജിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വേണം. ഹരജിയില്‍ വിശദാംശങ്ങളോ വിശദമായ വാദങ്ങളോ ഇല്ല. അവ്യക്തമായ പ്രസ്താവനകള്‍ മാത്രമാണുള്ളത്. ഹരജിയില്‍ പറയുന്ന കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്. ഇതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ ആരൊക്കെയാണ്. ഏതെങ്കിലും കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, രജിസ്റ്റര്‍ ചെയ്തില്ലേ മുതലായവ ഞങ്ങള്‍ക്ക് അറിയില്ല. നിങ്ങള്‍ പറയുന്നത് ശരിയായിരിക്കാം, ഒരുപക്ഷേ, വിദ്വേഷ പ്രസംഗങ്ങളുടെ ഫലമായി അന്തരീക്ഷം മുഴുവന്‍ കളങ്കപ്പെടുകയാണ്.

ഒരുപക്ഷേ ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്ന് പറയാന്‍ നിങ്ങള്‍ക്ക് ന്യായമായ എല്ലാ കാരണങ്ങളുമുണ്ട്. എന്നാല്‍, ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഇത്തരത്തിലുള്ള അപകീര്‍ത്തികരമായ ഹരജി നല്‍കാനാവില്ല, ഹരജിക്കാരന് അമിക്കസ് ക്യൂറിയുടെ സഹായം ആവശ്യമുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ലളിത് ചോദിച്ചു. വിദ്വേഷ പ്രസംഗം ലാഭകരമായ ബിസിനസ്സാക്കി മാറ്റിയിരിക്കുകയാണെന്ന് ഹരജിക്കാരനായ ഹര്‍പ്രീത് മന്‍സുഖാനി ബെഞ്ചിനോട് പറഞ്ഞു. മുസ്‌ലിം വിരുദ്ധ വിദ്വേഷം വളര്‍ത്തിയതായി ആരോപിക്കപ്പെടുന്ന കശ്മീരി പണ്ഡിറ്റുകളുടെ നിര്‍ബന്ധിത പലായനത്തെ കാണിക്കുന്ന 'ദി കശ്മീര്‍ ഫയല്‍സ്' എന്ന ഹിന്ദി സിനിമയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി ഫണ്ട് നല്‍കിയതിന് തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് മന്‍സുഖാനി അവകാശപ്പെട്ടു.

വിദ്വേഷ പ്രസംഗ കേസുകളില്‍ ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഓരോ കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കേണ്ടത്. ആരാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും ആരല്ലെന്നും നമുക്ക് കണ്ടെത്തേണ്ടതുണ്ട്- ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ തടയാന്‍ വൈകിയെന്നും കോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടത് ആവശ്യമാണെന്നും ഹരജിക്കാരന്‍ വാദിച്ചു. ഒരു കോടതിക്ക് ഉത്തരവ് ഇറക്കണമെങ്കില്‍ അതിന് വസ്തുതാപരമായ പശ്ചാത്തലം ആവശ്യമാണെന്ന് ബെഞ്ച് പറഞ്ഞു.

നിര്‍ദ്ദിഷ്ട സംഭവങ്ങള്‍ നിരത്തി സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ഹരജിക്കാരന്‍ വ്യക്തമാക്കി. നവംബര്‍ ഒന്നിന് ഹരജി വീണ്ടും പരിഗണിക്കും. അതിനിടെ, വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങേറിയ 'ധരം സന്‍സദ്' പരിപാടികളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢിന്റെയും ഹിമ കോഹ്‌ലിയുടെയും ബെഞ്ച് ഡല്‍ഹി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

Tags:    

Similar News