കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിച്ചു; കുഞ്ഞിന് രോഗലക്ഷണമില്ലെന്ന് ഡോക്ടര്‍മാര്‍

എയിംസിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കുട്ടി ജനിച്ചത്. ഇത് രാജ്യത്ത് ആദ്യത്തെ സംഭവമാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

Update: 2020-04-04 10:14 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ച യുവതി കുഞ്ഞിന് ജന്‍മം നല്‍കി. ആണ്‍കുഞ്ഞിനാണ് ഇവര്‍ ജന്‍മം നല്‍കിയത്. ഡല്‍ഹി എയിംസിലെ ഡോക്ടറായ ഇവരുടെ ഭര്‍ത്താവിനും സഹോദരനും കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. എയിംസിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കുട്ടി ജനിച്ചത്. ഇത് രാജ്യത്ത് ആദ്യത്തെ സംഭവമാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്നും ഇതുവരെ രോഗലക്ഷണമൊന്നും കാണിച്ചിട്ടില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

അങ്ങനെ കാണിച്ചെങ്കില്‍ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കൂ. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുവതിയെ ചികില്‍സിക്കുന്നതിന് നേതൃത്വം നല്‍കിയ എയിംസിലെ ഗൈനക്കോളജി വിഭാഗം പ്രഫസര്‍ ഡോ. നീര്‍ജ ഭട്‌ല അറിയിച്ചു. നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത രീതിയില്‍ അമ്മയ്ക്കൊപ്പമാണ് കുഞ്ഞിനെ കിടത്തിയിരിക്കുന്നത്. മുലപ്പാലും കുട്ടിക്ക് നല്‍കുന്നുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്. മുലയൂട്ടലിലൂടെ വൈറസ് പകരുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്ന് മറ്റൊരു ഡോക്ടര്‍ പ്രതികരിച്ചു.

എയിംസിലെ ഫിസിയോളജി വിഭാഗത്തില്‍ ജോലിചെയ്യുന്ന മുതിര്‍ന്ന റസിഡന്റ് ഡോക്ടറായ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഒമ്പത് മാസം ഗര്‍ഭിണിയായ യുവതിയെയും നിരീക്ഷണത്തിലാക്കിയത്. വ്യാഴാഴ്ചയാണ് യുവതിക്ക് കൊവിഡാണെന്ന് സ്ഥിരീകരിച്ചത്. രോഗബാധിതരായ ഗര്‍ഭിണികളായ സ്ത്രീകളുടെ പരിചരണത്തിനായി എയിംസ് ഇതിനകം ലോകാരോഗ്യസംഘടന നിര്‍ദേശിച്ച പ്രോട്ടോക്കോളും പാലിക്കുന്നുണ്ട്. 

Tags:    

Similar News