ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; അഞ്ചുസംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചതായി പ്രാദേശിക കാലാവസ്ഥാകേന്ദ്രം മേധാവി കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.
ന്യൂഡല്‍ഹി: രാജ്യത്ത് ഉഷ്ണതരംഗം ശക്തമാവുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യ, വിദര്‍ഭ, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ ഭാഗങ്ങളില്‍ വരുംദിവസങ്ങളിലും ഉയര്‍ന്ന താപനില തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഞായറാഴ്ച ശക്തമായ ചൂട് അനുഭവപ്പെട്ടു.
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചതായി പ്രാദേശിക കാലാവസ്ഥാകേന്ദ്രം മേധാവി കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു. അടുത്ത രണ്ടുദിവസത്തേക്ക് 45 ഡിഗ്രി സെല്‍ഷസിന് മുകളില്‍ ചൂട് അനുഭവപ്പെടും. മഹാരാഷ്ട്ര നാഗ്പൂരിലെ സോനെഗാവില്‍ ഞായറാഴ്ച കൂടിയ താപനില 46.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നാഗ്പൂര്‍ സംസ്ഥാനത്തെ ഏറ്റവും ചൂടേറിയ സ്ഥലവും ശനിയാഴ്ചത്തെ കണക്കുകള്‍പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ ചൂടേറിയ സ്ഥലവുമായിരുന്നു.
ഡല്‍ഹിയിലും ഞായറാഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ടുദിവസത്തേക്ക് ഇത് തുടരും. ഡല്‍ഹിയില്‍ വെള്ളിയാഴ്ച ഇടിമിന്നലും മഴയുമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തയാഴ്ച അവസാനം താപനിലയില്‍ നേരിയ കുറവുണ്ടാവും. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് അടുത്ത അഞ്ചുദിവസത്തിനുള്ളില്‍ ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്.