ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാവും: കോണ്‍ഗ്രസ്

ഏതെങ്കിലും സാഹചര്യത്തില്‍ കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ ചെറുപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താന്‍ ഹൈക്കമാന്‍ഡ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹേമന്ദ് സോറന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-12-23 07:01 GMT

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മുക്തി മോര്‍ച്ച(ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജാര്‍ഖണ്ഡിലേത് പ്രതീക്ഷിച്ച വിജയമാണ്. പൗരത്വഭേദഗതി നിയമം ജാര്‍ഖണ്ഡ് ജനത തള്ളി. ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. വലിയൊരു ടീമിനെ തന്നെ അവിടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നിയോഗിച്ചിരുന്നതാണ്. നിലവിലെ ഫലസൂചനകള്‍ കാണിക്കുന്നത് കോണ്‍ഗ്രസ് സഖ്യത്തിന് അവിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ ചെറുപാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താന്‍ ഹൈക്കമാന്‍ഡ് ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് സംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹേമന്ദ് സോറന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത് തന്നെ ജാര്‍ഖണ്ഡിനെ ഉദ്ദേശിച്ചാണ്. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടും തിരക്കുപിടിച്ച് പസാക്കിയതിന്റെ ഉദ്ദേശം ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പായിരുന്നു. നിയമത്തിനെതിരേ പ്രതിഷേധിച്ചവരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി ജാര്‍ഖണ്ഡില്‍ പറഞ്ഞു. അമിത് ഷായുടെയു പ്രസംഗവും നമ്മള്‍ കണ്ടതാണ്. ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഇരുവരും പ്രസംഗിച്ചത്. എന്നിട്ടും ജാര്‍ഖണ്ഡ് പോലൊരു സംസ്ഥാനത്ത് അവര്‍ ഉദ്ദേശിച്ചതുപോലെയൊരു ധ്രുവീകരണം നടന്നില്ല എന്നത് ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചകമാണ്.

ഹരിയാന തിരഞ്ഞെടുപ്പിന് മുമ്പാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ് കശ്മീരിനെ രണ്ടാക്കിയത്. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണമാണ് അവര്‍ നടത്തിയത്. ഒരു രാത്രികൊണ്ടാണ് കശ്മീരിനെ വിഭജിക്കുന്ന ബില്‍ സഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച കൂടാതെ പാസാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം ഹരിയാനയില്‍ അവര്‍ക്ക് ലഭിച്ചില്ല. പിന്നാലെ മഹാരാഷ്ട്രയിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ജനങ്ങള്‍ എല്ലാക്കാലത്തും ഇത്തരം നയങ്ങള്‍ക്ക് പിന്നാലെ പോവില്ലെന്നാണ് ഇത് തെളിയിക്കുന്നത്. 2014ന് ശേഷം കോണ്‍ഗ്രസ് തകര്‍ന്നുപോയെന്ന് ആക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍, ഈ സര്‍ക്കാരിനെതിരായി ജനവികാരമുണ്ട്. അതിനെ നയിക്കുന്നത് കോണ്‍ഗ്രസാണ്. കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചപ്പെട്ട വിജയങ്ങളുമായാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും ഇപ്പോള്‍ മുന്നേറുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. 

Tags:    

Similar News