അസമില്‍ ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 4.5 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു

Update: 2021-08-19 16:55 GMT

ഗുവാഹത്തി: അസമില്‍ വന്‍ മയക്കുമരുന്ന് വേട്ട. ഗുവാഹത്തിക്ക് സമീപം ട്രക്കില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 660 ഗ്രാം ഹെറോയിനാണ് അസം പോലിസ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ 4.5 കോടിയിലധികം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ഹെറോയിന്‍. മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ വാരിഷ് (26), സഹായി ജെന്നിസണ്‍ തായഞ്ചം (20) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും മണിപ്പൂരിലെ തൗബാല്‍ ജില്ലക്കാരാണ്. മണിപ്പൂരില്‍നിന്ന് മയക്കുമരുന്ന് കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുലര്‍ച്ചെ 4:30 ഓടെ ജോറാബത്തില്‍ പോലിസ് തിരച്ചില്‍ ആരംഭിച്ചത്.

വാഹനത്തിന്റെ എന്‍ജിന്‍ കവറിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 660 ഗ്രാം തൂക്കമുള്ള ഹെറോയിന്‍ 60 പാക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് കണ്ടെത്താതിരിക്കാന്‍ പ്ലാസ്റ്റിക് സോപ്പ് കെയ്‌സുകളിലാണ് മരുന്ന് പായ്ക്ക് ചെയ്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. ട്രക്കിന്റെ ഡ്രൈവറില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും 45,000 രൂപയും കണ്ടെടുത്തു- പോലിസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പോലിസിന്റെ നടപടിയെ ട്വിറ്ററില്‍ പ്രശംസിച്ചു. നടപടിക്രമമനുസരിച്ച് മയക്കുമരുന്ന് പിടിച്ചെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു. അസം പോലിസ് സമീപകാലത്ത് സംസ്ഥാനത്തുടനീളം വ്യാപകമായിക്കൊണ്ടിരിക്കുന്ന അനധികൃത മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടുകയും വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags:    

Similar News