യുപിയില്‍ വന്‍ സ്വര്‍ണവേട്ട; സൗദിയില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്ന് 77 സ്വര്‍ണബിസ്‌ക്കറ്റുകള്‍ പിടികൂടി

Update: 2021-09-08 02:20 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണവേട്ട. സൗദി അറേബ്യയില്‍നിന്ന് മടങ്ങിയെത്തിയ യാത്രക്കാരില്‍നിന്ന് 77 സ്വര്‍ണബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. ഏകദേശം ഒമ്പത് കിലോയോളം തൂക്കം വരുന്നതാണിത്. വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണബിസ്‌ക്കറ്റുമായി കാറില്‍ കടക്കാന്‍ ശ്രമിച്ചവരെ സാഹസികമായി പിന്തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സൗദി അറേബ്യ തലസ്ഥാനമായ റിയാദില്‍നിന്നെത്തുന്ന രണ്ട് യാത്രക്കാര്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ കടത്തുന്നതായി ലഖ്‌നോവിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.

ലഖ്‌നോവിലെ ചൗധരി ചരണ്‍ സിങ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍വച്ച് സൗദിയില്‍നിന്നെത്തുന്ന യാത്രക്കാര്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ മുസാഫര്‍നഗറിലേക്ക് പോവുന്ന ആളുകള്‍ക്ക് കൈമാറുമെന്നായിരുന്നു ഇന്റലിജന്‍സ് റിപോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ലഖ്‌നോവിലെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തുകയും പ്രതികളെ നിരീക്ഷിക്കുകയും ചെയ്തു. ആഗ്ര- ലഖ്‌നോ എക്‌സ്പ്രസ് വേയില്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നു.

ഒടുവില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ തടഞ്ഞപ്പോള്‍ റിയാദില്‍നിന്നുള്ള രണ്ട് യാത്രക്കാരെയും സ്വീകരിക്കാന്‍ വന്നവരെയും അകത്ത് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അവരുടെ ബെല്‍റ്റിലും അടിവസ്ത്രത്തിലുമുണ്ടാക്കിയ പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ 77 സ്വര്‍ണ ബിസ്‌കറ്റുകളും കണ്ടെടുത്തത്. പ്രധാനമായും സ്വര്‍ണക്കടത്ത് കൈകാര്യം ചെയ്യുന്നയാളെ ലഖ്‌നോവില്‍ അറസ്റ്റുചെയ്തതായി വിശദമായ അന്വേഷണത്തിന് ശേഷം ഡിആര്‍ഐ പറഞ്ഞു. വിമാനത്താവളത്തിലൂടെ സ്വര്‍ണം ലഭിക്കുന്നതിന് കള്ളക്കടത്തുകാരുമായി ഒത്തുകളിച്ച കസ്റ്റംസ് ഹവാല്‍ദാറും അറസ്റ്റിലായിട്ടുണ്ട്.

Tags:    

Similar News