കൈക്കൂലിക്കേസില്‍ എഫ്‌സിഐ ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയ്ഡ്; മൂന്നുകോടി രൂപയും സ്വര്‍ണവും നോട്ടെണ്ണുന്ന മെഷീനും കണ്ടെടുത്തു

Update: 2021-05-29 19:02 GMT

ഭോപാല്‍: കൈക്കൂലിക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ നടത്തിയ റെയ്ഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വസതിയില്‍നിന്ന് മൂന്നുകോടിയിലധികം രൂപയും സ്വര്‍ണാഭരണങ്ങളും നോട്ടെണ്ണുന്ന മെഷീനും കണ്ടെടുത്തു. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) ഓഫിസിലെ ക്ലാര്‍ക്കായ കിഷോര്‍ മീണയുടെ വീട്ടില്‍നിന്നാണ് കോടിക്കണക്കിന് രൂപയും എട്ടുകിലോ സ്വര്‍ണവും പിടിച്ചെടുത്തത്.

ബില്ലുകളില്‍ അനാവശ്യ കുറവുകള്‍ വരുത്തിക്കൊണ്ട് എഫ്‌സിഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നാരോപിച്ച് ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ കമ്പനിയാണ് സിബിഐയ്ക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൈക്കൂലിക്കേസില്‍ നാല് എഫ്‌സിഐ ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റുചെയ്തു. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഓഫിസിലെ ക്ലാര്‍ക്കിന്റെ വസതിയില്‍ സിബിഐ സംഘം റെയ്ഡ് നടത്തിയത്.

കൈക്കൂലിയായി ലഭിച്ച പണത്തിന്റെ വലിയൊരു ഭാഗവും സ്വര്‍ണവും തടികൊണ്ടുള്ള അലമാരയ്ക്കുള്ളിലെ പ്രത്യേക അറയിലാണ് കിഷോര്‍ സൂക്ഷിച്ചിരുന്നത്. എഫ്‌സിഐയ്ക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ നല്‍കുന്നതിന് ക്യാപ്റ്റന്‍ കപൂര്‍ ആന്റ് സണ്‍സ് കമ്പനിക്കാണ് ടെന്‍ഡര്‍ നല്‍കിയിരുന്നത്. ഈവര്‍ഷം ജനുവരി മുതല്‍ പ്രതിമാസം 11.30 ലക്ഷം രൂപയ്ക്കായിരുന്നു ടെന്‍ഡര്‍. അംഗീകരിക്കുന്ന ഓരോ ബില്ലിനും എഫ്‌സിഐയുടെ അക്കൗണ്ട്‌സ് മാനേജര്‍ 10 ശതമാനം പിടിക്കുക വഴി പ്രതിമാസം 1.30 ലക്ഷം രൂപ കൈക്കലാക്കിയിരുന്നതായി സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു.

കൈക്കൂലി കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ച സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ച സിബിഐ സംഘം ഉദ്യോഗസ്ഥരെ കൈയോടെ അറസ്റ്റുചെയ്യുകയായിരുന്നു. കൈക്കൂലി നല്‍കുന്ന ആളുകളുടെ സൂക്ഷ്മമായ വിശദാംശങ്ങള്‍ അടങ്ങിയ ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയും അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ എഫ്‌സിഐ ഡിവിഷനല്‍ മാനേജര്‍ ഹരീഷ് ഹിനോണിയ, മാനേജര്‍മാരായ അരുണ്‍ ശ്രീവാസ്തവ, മോഹന്‍ പരാത്തെ, അസിസ്റ്റന്റ് മാനേജര്‍ കിഷോര്‍ മീണ എന്നിവരെ ഭോപാലിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കി ജൂണ്‍ 2 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.

കൈക്കൂലിയായി വാങ്ങിയ പണം വിവിധ അറകളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ചില ബണ്ടിലുകളില്‍ കക്ഷികളുടെ പേരുകള്‍, തിയ്യതികള്‍, തുകകള്‍ എന്നിവ അടയാളപ്പെടുത്തിയിട്ടുണ്ട്. നോട്ടെണ്ണുന്ന മെഷീനും കണ്ടെടുത്തിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News