സുരക്ഷിതമല്ലാത്ത രക്തദാനം: കഴിഞ്ഞ വര്‍ഷം എച്ച്‌ഐവി പകര്‍ന്നത് 1400 പേര്‍ക്ക്

Update: 2019-06-11 19:09 GMT

മുംബൈ: സുരക്ഷിതമല്ലാത്ത രക്തദാനം മൂലം 2018-19 വര്‍ഷത്തില്‍ മാത്രം 1400 ഓളം പേര്‍ക്കു എച്ച്‌ഐവി പകര്‍ന്നതായി നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(എന്‍എസിഒ). വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയിലാണ് എന്‍എസിഒ ഇക്കാര്യം അറിയിച്ചത്.

സുരക്ഷിതമല്ലാത്ത രക്തം നല്‍കിയതിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ എച്ച്‌ഐവി ബാധിതരായത് ഉത്തര്‍പ്രദേശിലാണ്. 241 പേരാണ് ആരോഗ്യ വിദഗ്ദരുടെ അശ്രദ്ധ മൂലം സംസ്ഥാനത്ത് എച്ചഐവി ബാധിച്ചവര്‍. പശ്ചിമ ബംഗാള്‍ 176, ഡല്‍ഹി 172, മഹാരാഷ്ട്ര 169 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് 1000ഓളം പേരാണ് രക്തം സ്വീകരിച്ചതിലൂടെ രോഗബാധിതരായവര്‍. രാജ്യത്താകമാനം ഇക്കാലയളവില്‍ 7218 ആളുകളാണു രക്തം സ്വീകരിച്ചതിലൂടെ രോഗബാധിതരായവര്‍.

ഔദ്യോഗിക ക്ലിനിക്കുകളില്‍ എത്തിയ എച്ച്‌ഐവി ബാധിതര്‍ തന്നെ വെളിപ്പെടുത്തിയ കണക്കുകളാണ് ഇതെന്നും യഥാര്‍ത്ഥ കണക്ക് ഇതിലേറെയായിരിക്കുമെന്നും എന്‍എസിഒ പ്രതിനിധി ഡോ. ശോഭിണി രാജന്‍ വ്യക്തമാക്കി. രാജ്യത്താകമാനം ഒരു വര്‍ഷം 85000 മുതല്‍ ഒരു ലക്ഷം വരെ ആളുകള്‍ക്കു പുതുതായി എച്ച്‌ഐവി ബാധിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം 21000 പേരാണ് ഓരോ വര്‍ഷവും പുതിയതായി എച്ച്‌ഐവി ബാധിതരാവുന്നതെന്നും ശോഭിണി രാജന്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News