ഹൈദരാബാദ് 'ഏറ്റുമുട്ടല്‍' കേസ്: കൊല്ലപ്പെട്ടവരുടെ റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
ഡല്‍ഹി എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുളള മൂന്നംഗസംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക.
ഹൈദരാബാദ്: പോലിസുമായുണ്ടായ 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട കൂട്ടബലാല്‍സംഗ കൊലക്കേസ് പ്രതികളുടെ മൃതദേഹങ്ങള്‍ ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഡല്‍ഹി എയിംസിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുളള മൂന്നംഗസംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. രാവിലെ 9 മണിക്ക് ഹൈദരാബാദ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങും. വൈകീട്ട് അഞ്ചുമണിക്കുളളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാണ് കോടതി ഉത്തരവ്.
ഡിസംബര്‍ ആറിന് നടന്ന 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട നാല് പ്രതികളുടെയും മൃതദേഹം ഹൈദരാബാദിലെ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റീ പോസ്റ്റ്‌മോര്‍ട്ടവും സിബിഐ അന്വേഷണവുമാവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ ഉന്നയിക്കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. നവംബര്‍ 27നാണ് ഹൈദരാബാദിലെ 27കാരിയായ വെറ്ററിനറി ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിനടിയില്‍വച്ച് കത്തിച്ചെന്നാണ് കേസ്. സംഭവത്തില്‍ നാലുപേരെ പോലിസ് പിടികൂടി.
യുവതിയുടെ കൊലപാതകത്തില്‍ പോലിസിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് തെളിവെടുപ്പിനിടെ നാല് പ്രതികളെയും പോലിസ് വെടിവച്ചുകൊലപ്പെടുത്തിയത്. പ്രതികള്‍ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിവച്ചതെന്നായിരുന്നു പോലിസിന്റെ വാദം. അതേസമയം, പ്രതികളെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ സുപ്രിംകോടതി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. സുപ്രിംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് വി എസ് സിര്‍പുര്‍ക് അധ്യക്ഷനായ സമിതിയില്‍ ജസ്റ്റിസ് രേഖ, സിബിഐ മുന്‍ ഡയറക്ടര്‍ കാര്‍ത്തികേയന്‍ എന്നിവര്‍ അംഗങ്ങളാണ്. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.