നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുന്നു; എല്‍ഐസിയും പ്രതിസന്ധിയിലേക്ക്
രാജ്യത്തെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിക്ക് തുല്യമായ അവസ്ഥയിലാണ് എല്‍ഐസിയുടെ നിഷ്‌ക്രിയ ആസ്തിയും.
മുംബൈ: ഇന്‍ഷുറന്‍സ് മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയുടെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) വര്‍ധിക്കുന്നു. എല്‍ഐസിയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി 30000 കോടിയായി വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ഇരട്ടിയായാണ് എല്‍ഐസിയുടെ എന്‍പിഎ വര്‍ധിച്ചത്. 2019 ഏപ്രില്‍ സെപതംബര്‍ കാലയളവില്‍ 6.10 ശതമാനമാണ് എല്‍ഐസിയുടെ നിഷ്‌ക്രിയ ആസ്തി.
രാജ്യത്തെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തിക്ക് തുല്യമായ അവസ്ഥയിലാണ് എല്‍ഐസിയുടെ നിഷ്‌ക്രിയ ആസ്തിയും. 2019-20 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ യെസ് ബാങ്കിനാണ് ഏറ്റവും കൂടുതല്‍ നിഷ്‌ക്രിയ ആസ്തിയുള്ളത് (7.39ശതമാനം). ഐസിഐസിഐ ബാങ്കിന് 6.37 ശതമാനവും ആക്‌സിസ് ബാങ്കിന് 5.03 ശതമാനവുമാണ് എന്‍പിഎ. നേരത്തെ 1.5 ശതമാനമായിരുന്നു എല്‍ഐസിയുടെ നിഷ്‌ക്രിയ ആസ്തി.
സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കിയതാണ് എല്‍ഐസിക്ക് തിരിച്ചടിയായത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ടേം ലോണ്‍, നോണ്‍ കണ്‍വേര്‍ട്ടബിള്‍ കടപത്രം എന്നിവയിലൂടെയാണ് എല്‍ഐസി വന്‍തോതില്‍ വായ്പ നല്‍കിയത്. വന്‍കിട സ്ഥാപനങ്ങളായ വിഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, അലോക് ഇന്‍ഡസ്ട്രീസ്, അംട്രക് ഓട്ടോ, എബിജി ഷിപ്‌യാര്‍ഡ്, യൂനിടെക്, ജിവികെ പവര്‍, ജിഎല്‍കെ, ഡെക്കാന്‍ ക്രോണിക്കിള്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് എല്‍ഐസി വന്‍തോതില്‍ വായ്പ നല്‍കിയത്.
പ്രതിവര്‍ഷം 2600 കോടി ലാഭമുണ്ടാക്കുന്ന അര്‍ധസര്‍ക്കാര്‍ സ്ഥാപനമാണ് എല്‍ഐസി. ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തെ മൂന്നില്‍ രണ്ട് ഭാഗം പങ്കാളിത്തം എല്‍ഐസിക്കാണ്. 36 ലക്ഷം കോടിയാണ് എല്‍ഐസിയുടെ മൊത്തം ആസ്തി. ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ നിഷ്‌ക്രിയ ആസ്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും വലിയ രീതിയില്‍ വര്‍ധിക്കുന്നത് നല്ല സൂചനയല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.