രാജ്യം വെളിയിടവിസര്‍ജന മുക്തമായെന്ന് മോദി; മാഹിമിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇപ്പോഴും ആശ്രയം റെയില്‍ പാളം
ഈ മാസം 2ന് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ദിനത്തില്‍ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യ വെളിയിട വിസര്‍ജന മുക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുംബൈ നഗരത്തിലെ ചേരി പ്രദേശമായ മാഹിമിലെ ഷാഹു നഗറിലുള്ളവര്‍ക്ക് അതു വെറും നുണയാണ്. ഒക്ടോബര്‍ 2ന് ശേഷവും വിസര്‍ജിക്കാന്‍ ഇടംതേടിയുള്ള അവരുടെ ദുരിതത്തിന് ഒരു മാറ്റവും വന്നിട്ടില്ല.
മുംബൈ: ഈ മാസം 2ന് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ദിനത്തില്‍ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യ വെളിയിട വിസര്‍ജന മുക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുംബൈ നഗരത്തിലെ ചേരി പ്രദേശമായ മാഹിമിലെ ഷാഹു നഗറിലുള്ളവര്‍ക്ക് അതു വെറും നുണയാണ്. ഒക്ടോബര്‍ 2ന് ശേഷവും വിസര്‍ജിക്കാന്‍ ഇടംതേടിയുള്ള അവരുടെ ദുരിതത്തിന് ഒരു മാറ്റവും വന്നിട്ടില്ല.
മാഹിം റെയില്‍വേ സ്‌റ്റേഷന്റെ കിഴക്കുഭാഗത്ത് ജീവിക്കുന്നവര്‍ വര്‍ഷങ്ങളായി വിസര്‍ജനത്തിന് ആശ്രയിക്കുന്നത് റെയില്‍ പാളമോ തൊട്ടടുത്തുള്ള കുറ്റിക്കാടോ ആണ്. അവരെ സംബന്ധിച്ചിടത്തോളം ടോയ്‌ലറ്റ് എന്നത് ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമാണ്.
ധാരാളം ഭൂമിയുള്ള ഗ്രാമങ്ങളിലാണ് അവര്‍ ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍, മുംബൈ പോലെ നിന്നു തിരിയാന്‍ ഇടമില്ലാത്ത നഗരങ്ങളെ അവര്‍ മറന്നുപോയിരിക്കുന്നു. കക്കൂസ് ഇല്ലാത്തതിന്റെ പേരില്‍ റെയില്‍വേ ട്രാക്കിലോ വെളിമ്പ്രദേശത്തോ മലവിസര്‍ജനം നടത്തുന്നവരില്‍ നിന്ന് അധികൃതര്‍ ഫൈന്‍ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്- 35 വര്‍ഷമായി ഇവിടെയുള്ള കുടിലില്‍ കഴിയുന്ന ഇംറാന്‍ സെയ്ദ് പറയുന്നു. നഗരസഭാ അധികൃതരും രാഷ്ട്രീയ നേതാക്കളുമൊക്കെ തിരഞ്ഞെടുപ്പ് കാലത്ത് മാത്രമേ ഇങ്ങോട്ട് വരാറുള്ളു. സ്വഛ് ഭാരത് മിഷന്‍ നടപ്പാക്കേണ്ടത് അത് ഏറ്റവും ആവശ്യമുള്ള സ്ഥലത്താണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് 2018ല്‍ തന്നെ മഹാരാഷ്ട്രയെ വെളിയിട വിസര്‍ജന മുക്തമായി(ഒഎഫ്ഡി) പ്രഖ്യാപിച്ചിരുന്നു എന്നതാണ് രസകരമായ കാര്യം. 2015ല്‍ സ്വഛ് ഭാരത് ആരംഭിച്ചതു മുതല്‍ സംസ്ഥാനത്ത് 60 ലക്ഷം ടോയ്‌ലറ്റുകള്‍ നിര്‍മിച്ചതായാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിന് രണ്ടുവര്‍ഷം മുമ്പുതന്നെ(2016 ഡിസംബര്‍) മുംബൈ വെളിയിട വിസര്‍ജന മുക്തമായതായി ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചിരുന്നു. ലക്ഷ്യമിടുന്നതിന്റെ പകുതി ടോയ്‌ലറ്റുകള്‍ പോലും നിര്‍മിക്കുന്നതിന് മുമ്പായിരുന്നു ഈ പ്രഖ്യാപനം.
പ്രധാനമന്ത്രി രാജ്യം വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് ബാന്ധ്രയിലേക്കുള്ള ലോക്കല്‍ ട്രെയിന്‍ മാഹിമില്‍ പാളം തെറ്റിയത്. റെയില്‍വേ ട്രാക്കില്‍ അടിഞ്ഞുകൂടിയ മാലിന്യമാണ് ഇതിന് പ്രാഥമിക കാരണമായി വിലയിരുത്തിയത്. ഇതേ തുടര്‍ന്ന്, ട്രാക്കിന് സമീപത്തുള്ള ചേരിനിവാസികള്‍ മലവിസര്‍ജനത്തിന് റെയില്‍പാളം ഉപയോഗിക്കുന്നതിന് ഫൈന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ അധികൃതര്‍.
2011ലെ സെന്‍സസ് പ്രകാരം മുബൈ നിവാസികളില്‍ 42 ശതമാനവും(52 ലക്ഷം പേര്‍) ചേരികളിലാണ് കഴിയുന്നത്. ഇതില്‍ 20 ശതമാനവും കഴിയുന്നത് മാഹിമിലെപ്പോലെ നിയമവിരുദ്ധമായി നിര്‍മിച്ച കുടിലുകളിലാണ്. അതേ സമയം, ബിഎംസിയും റെയില്‍വേയും തമ്മിലുള്ള വടംവലിയും ഷാഹു നഗറിലെയും ആസാദ് നഗറിലെയും ജനങ്ങള്‍ക്ക് ടോയ്‌ലറ്റും വെള്ളവും തടയുന്നുണ്ട്.
500 രൂപ പിഴയടക്കാതെ വിസര്‍ജനം നടത്തണമെങ്കില്‍ ഇപ്പോള്‍ ഷാഹു നഗര്‍ നിവാസികള്‍ പുലര്‍ച്ചെ 4 മണിക്ക് മുമ്പ് എഴുന്നേല്‍ക്കണം. ഏതാനും പേരെ പിഴയടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ അടുത്ത കാലത്ത് കസ്റ്റഡിയില്‍ എടുത്തിരുന്നു. മാഹിം റെയില്‍വേ സ്റ്റേഷനില്‍ പബ്ലിക് ടോയ്‌ലറ്റുണ്ട്. എന്നാല്‍, അവിടെ എത്തണമെങ്കില്‍ ഓവര്‍ ബ്രിഡ്ജ് വഴി 15 മിനിറ്റ് നടക്കണം. 5 രൂപ പണമടക്കുകയും വേണം. ഭിന്നശേഷിക്കാരെ സംബന്ധിച്ചിടത്തോളം ഇതും പ്രയാസമാണ്. സ്ത്രീകള്‍ തൊട്ടടുത്ത കുറ്റിക്കാട്ടിലാണ് കാര്യം സാധിക്കുന്നത്. അതുകൊണ്ട് രാത്രിയില്‍ അങ്ങോട്ട് പോകാനാവില്ല. പകലില്‍ സാമൂഹിക വിരുദ്ധരുടെ ശല്യവുമുണ്ടെന്ന് 60കാരിയായ നൂരി ശെയ്ഖ് പറഞ്ഞു.
ഈ ചേരിപ്രദേശത്ത് ആയിരം വീടുകളുണ്ട്. എന്നാല്‍, ഒരൊറ്റ ടോയ്‌ലറ്റ് പോലുമില്ല. ബിഎംസി ഈയിടെ സ്ഥലത്ത് പരിശോധന നടത്തി യോട്‌ലറ്റോ ഓവുചാലോ നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലമില്ല എന്ന് പറഞ്ഞു കൈയൊഴിയുകയായിരുന്നു. വെസ്റ്റേണ്‍ റെയില്‍വേ സ്ഥലം അനുവദിച്ചാല്‍ ടോയ്്‌ലറ്റ് നിര്‍മിക്കാമെന്നാണ് കോര്‍പറേഷന്റെ നിലപാട്. എന്നാല്‍, പ്രദേശത്ത് പബ്ലിക് ടോയ്‌ലറ്റ് നിര്‍മിക്കുന്നതിന് ബിഎംസിയില്‍ നിന്ന് അപേക്ഷയൊന്നും കിട്ടിയിട്ടില്ലെന്ന് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ രവീന്ദ്ര ഭാകര്‍ പറയുന്നു. ബിഎംസിക്ക് സമീപത്ത് തന്നെ സ്വന്തമായി ഭൂമിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം തീര്‍ത്ത് തങ്ങളുടെ ദുരിതത്തിന് ഒരു അന്ത്യം കാണണമെന്നാണ് ചേരിനിവാസികളുടെ അഭ്യര്‍ഥന.