ഇന്ത്യ വീണ്ടും പക്ഷിപ്പനി വിമുക്തമായതായി പ്രഖ്യാപിച്ചു
2003നും 2014നും ഇടയില്‍ 701 പേര്‍ക്ക് എച്ച്5എന്‍1 ബാധിച്ചതായും ഇതില്‍ 407 പേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇന്ത്യയില്‍ 2006ല്‍ പക്ഷികളില്‍ വന്‍തോതില്‍ എച്ച്5എന്‍1 പടര്‍ന്നുപിടിച്ചിരുന്നു
ന്യൂഡല്‍ഹി: ഗുരുതര പകര്‍ച്ചവ്യാധിയായ പക്ഷിപ്പനിയില്‍ നിന്ന് ഇന്ത്യ വിമുക്തമായതായി സര്‍ക്കാര്‍. പക്ഷികളില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്ന എച്ച്5എന്‍1 വൈറസാണ് പക്ഷിപ്പനിക്കു കാരണമാവുന്നത്. 2003നും 2014നും ഇടയില്‍ 701 പേര്‍ക്ക് എച്ച്5എന്‍1 ബാധിച്ചതായും ഇതില്‍ 407 പേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇന്ത്യയില്‍ 2006ല്‍ പക്ഷികളില്‍ വന്‍തോതില്‍ എച്ച്5എന്‍1 പടര്‍ന്നുപിടിച്ചിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഒഡിഷ, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങൡല 12 കേന്ദ്രങ്ങളില്‍ എച്ച്5എന്‍1 കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവ പക്ഷികളില്‍ മാത്രം ഒതുങ്ങിയതായും മനുഷ്യനിലേക്കു പടര്‍ന്നിട്ടില്ലെന്നും സര്‍ക്കാര്‍ പുറത്തുവിട്ട സര്‍ക്കുലര്‍ പറയുന്നു. ഈ സ്ഥലങ്ങളില്‍ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗബാധ ആരംഭിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊല്ലുക എന്നതാണ് ഇതില്‍ പ്രധാന നടപടി. മുട്ട, തീറ്റ, വിസര്‍ജ്യം തുടങ്ങി അണുബാധയുണ്ടാവാന്‍ സാധ്യതയുള്ള വസ്തുക്കള്‍ നശിപ്പിക്കുക എന്നതും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍പ്പെട്ടവയാണ്. രോഗബാധയുണ്ടായ പ്രദേശം മുഴുവന്‍ അണുവിമുക്തമാക്കുകയും ശൂചീകരിക്കുകയും ചെയ്തു.
അതിന് ശേഷം വൈറസ് ബാധയുടെ റിപോര്‍ട്ട് ഉണ്ടായിട്ടില്ല. ഇതു പ്രകാരം സപ്തംബര്‍ 3 മുതല്‍ ഇന്ത്യ എച്ച്5എന്‍1 വിമുക്തമായതായി പ്രഖ്യാപിക്കുന്നുവെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാല്‍, അതിര്‍ത്തി പ്രദേശങ്ങളിലും ദേശാടനപ്പക്ഷികള്‍ സ്ഥിരമായി എത്തുന്ന സ്ഥലങ്ങളിലും ജാഗ്രത തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.