കുത്തിവെപ്പിനു ശേഷം നല്‍കിയ മരുന്ന് മാറി; ശിശു മരിച്ചു; 22 കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍
ഹൈദരാബാദ്: കുത്തിവെപ്പിനു ശേഷം മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്നു ഒന്നരമാസം പ്രായമുള്ള ശിശു മരിച്ചു. 22 കുഞ്ഞുങ്ങള്‍ ഗുരുതരാവസ്ഥയില്‍. ഹൈദരാബാദ് നമ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. കുത്തിവെപ്പിനു ശേഷം പാരസെറ്റമോള്‍ നല്‍കേണ്ടതിനു പകരം ട്രമഡോള്‍ എന്ന മരുന്നാണ് അധികൃതര്‍ കുഞ്ഞുങ്ങള്‍ക്കു നല്‍കിയത്. ഇതേ തുടര്‍ന്നു കുഞ്ഞുങ്ങള്‍ തളര്‍ന്നു വീഴുകയായിരുന്നു. കുഞ്ഞുങ്ങളെ ഉടന്‍ നിലോഫര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ മരിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ 22 പേരില്‍ മൂന്നുപേര്‍ വെന്റിലേറ്ററിലാണെന്നും മറ്റുള്ളവര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. പാരസെറ്റമോളും ട്രമഡോളും ഒരേ കവറില്‍ സൂക്ഷിച്ചതാണ് അപകട കാരണമായതെന്നാണ് കരുതുന്നത്. പ്രദേശത്തെ എംഎല്‍എ ജാഫര്‍ ഹുസൈന്‍ ആശുപത്രി സന്ദര്‍ശിച്ചു.