രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത കശ്മീരി മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കണം: അന്താരാഷ്ട്ര മാധ്യമ നിരീക്ഷണ സംഘടന

Update: 2022-02-05 14:34 GMT

വാഷിങ്ടണ്‍: ദേശവിരുദ്ധ ഉള്ളടക്കം പങ്കുവച്ചെന്നാരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത ശ്രീനഗര്‍ ആസ്ഥാനമായുള്ള പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ ദി കശ്മീര്‍ വാലയുടെ എഡിറ്റര്‍ ഫഹദ് ഷായെ ഉടന്‍ വിട്ടയക്കണമെന്ന് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര മാധ്യമ നിരീക്ഷണ സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട്‌സ് ജേര്‍ണലിസ്റ്റ് (സിപിജെ). അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കണമെന്നും മാധ്യമപ്രവര്‍ത്തകരെ തടങ്കലില്‍ അടയ്ക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും സിപിജെ ഇന്ത്യന്‍ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

ഷായെയും മറ്റ് എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഉടന്‍ മോചിപ്പിക്കണമെന്ന് സിപിജെയുടെ ഏഷ്യാ പ്രോഗ്രാം കോ-ഓഡിനേറ്റര്‍ സ്റ്റീവന്‍ ബട്ട്‌ലര്‍ പറഞ്ഞു. സ്വതന്ത്രമായും സുരക്ഷിതമായും റിപോര്‍ട്ട് ചെയ്യാനുള്ള മാധ്യമപ്രവര്‍ത്തകരുടെ മൗലികാവകാശത്തോടുള്ള ജമ്മു കശ്മീര്‍ അധികൃതരുടെ തികഞ്ഞ അവഗണനയാണ് ഫഹദ് ഷായുടെ അറസ്റ്റ് കാണിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ ശ്രീനഗര്‍ നഗരത്തില്‍ വച്ചാണ് ഷായെ വെള്ളിയാഴ്ച വൈകുന്നേരം പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

തീവ്രവാദപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും നിയമപാലന സംവിധാനത്തിന് തടസ്സം വരുത്തുന്ന തരത്തില്‍ സാധാരണ ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഫഹദ് ഷായുടെ പോസ്റ്റുകളെന്നാണ് പോലിസ് ആരോപിക്കുന്നത്. ഫെബ്രുവരി ഒന്നിന് ഫഹദ് ഷായെ പോലിസ് ചോദ്യംചെയ്യലിനായി വിളിപ്പിച്ചിരുന്നു. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവയ്പ്പിനെക്കുറിച്ച് തെറ്റായ റിപോര്‍ട്ടിങ്ങിന്റെ പേരില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ദീര്‍ഘനേരം അദ്ദേഹത്തെ പോലിസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച മൊഴി രേഖപ്പെടുത്താനുണ്ടെന്ന് അറിയിച്ച് സ്‌റ്റേഷനിലേക്ക് വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    

Similar News