പുലിസ്റ്റര്‍ പുരസ്‌കാരം സ്വീകരിക്കാനുള്ള യാത്രക്കിടെ കശ്മീരി മാധ്യമപ്രവര്‍ത്തകയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു
കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ അന്തര്‍ദേശീയ യാത്ര തടയുന്നതെന്ന് സന്ന ട്വീറ്റില്‍ പറഞ്ഞു. സന്നയുടെ ആരോപണത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ന്യൂഡല്‍ഹി: ആവശ്യമായ യാത്രാ രേഖകളുണ്ടായിട്ടും കശ്മീരി മാധ്യമപ്രവര്‍ത്തകയുടെ അമേരിക്കയിലേക്കുള്ള യാത്ര തടഞ്ഞതായി പരാതി. പുലിസ്റ്റര്‍ പുരസ്‌കാര ജേത്രിയായ ഫോട്ടോ ജേര്‍ണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞത്. പുലിസ്റ്റര്‍ പുരസ്‌കാരം സ്വീകരിക്കുന്നതിനായി ന്യൂയോര്‍ക്കിലേക്ക് പോവാനെത്തിയതായിരുന്നു ഇവര്‍.
കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ അന്തര്‍ദേശീയ യാത്ര തടയുന്നതെന്ന് സന്ന ട്വീറ്റില്‍ പറഞ്ഞു. സന്നയുടെ ആരോപണത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
'കാരണമില്ലാതെ നാലുമാസത്തിനിടെ രണ്ടാം തവണയാണ് തന്റെ യാത്ര തടയുന്നത്. അധികൃതരെ അറിയിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. പുലിറ്റ്‌സര്‍ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധിക്കുന്നതാണ്'- സന്ന പറഞ്ഞു.
റോയിട്ടേഴ്‌സിനുവേണ്ടി സന്ന പകര്‍ത്തിയ കൊവിഡ് മഹാമാരിയുടെ തീവ്രത തുറന്നുകാട്ടുന്ന ചിത്രങ്ങളായിരുന്നു അവരെ പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്. തിങ്കളാഴ്ചയായിരുന്നു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ സനയ്ക്ക് ന്യൂയോര്‍ക്കിലേക്ക് പോകേണ്ടിയിരുന്നത്. കശ്മീരി ജീവിതം തുറന്നുകാട്ടുന്ന ചിത്രങ്ങളാണ് സന്നയെ പ്രശസ്തയാക്കിയത്. 2018 മുതല്‍ ഫ്രീലാന്‍സ് ഫോട്ടോ ജേണലിസ്റ്റായാണ് സന്ന പ്രവര്‍ത്തിച്ചുവരുന്നത്.