ഇനി മഥുരയുടെ ഊഴമോ? കൃഷ്ണ ജന്മഭൂമി പ്രശ്‌നം വീണ്ടും സജീവമാകുമ്പോള്‍
കൊറോണയുടെ വ്യാപനം, കര്‍ഷക സമരങ്ങള്‍, കൊടുമുടി കയറിയ തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ പരിപാലനത്തിലെ ദയനീയാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ശരാശരി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പിടിയില്‍നിന്നു കുതറി മാറാന്‍ അവരെ സഹായിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ലഖ്‌നൗ: വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍ പ്രദേശ്. സമീപകാലത്ത് ശരാശരി ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന നിരവധിയായ പ്രശ്‌നങ്ങള്‍ കാരണമായി ബിജെപിയുടെയും മോദി-യോഗിയുടെയും ജനപ്രീതി കുത്തനെ ഇടിയുകയാണ്. കൊറോണയുടെ വ്യാപനം, കര്‍ഷക സമരങ്ങള്‍, കൊടുമുടി കയറിയ തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ പരിപാലനത്തിലെ ദയനീയാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ശരാശരി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പിടിയില്‍നിന്നു കുതറി മാറാന്‍ അവരെ സഹായിച്ചെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ഈ പ്രതിസന്ധിയെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ അതിജീവിക്കാമെന്ന പ്രതീക്ഷയോടെയുപി ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായ കേശവ് ദേവ് മൗര്യ അടുത്തിടെ നടത്തിയ ട്വീറ്റുകളെ നാം ആ അര്‍ത്ഥത്തില്‍തന്നെ വിലയിരുത്തേണ്ടത്.
തന്റെ സര്‍ക്കാരിന്റെ ക്രമസമാധാനപാലനത്തെക്കുറിച്ച് വീമ്പിളക്കി, ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മറ്റൊരു കോടാലിയാണ് അദ്ദേഹം വീശുന്നത്. തങ്ങളുടെ ഭരണകൂടം നെയ്ത (ജലിദാര്‍) തൊപ്പികളുള്ള ലുങ്കിവാലകളുടെ കുറ്റകൃത്യങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ഭൂമി അധിനിവേശം എന്നിവയില്‍ നിന്ന് മോചിപ്പിച്ചെന്നായിരുന്നു മുസ്‌ലിംകളെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റുകളിലൊന്ന്. പിന്നാലെയെത്തിയ ട്വീറ്റ് ബിജെപി തുരുപ്പ് ചീട്ടായി ഈ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനിരിക്കുന്ന മഥുര ക്ഷേത്രത്തെക്കുറിച്ചുള്ളതാണ്. 'അയോധ്യയിലും കാശിയിലും ഒരു വലിയ ക്ഷേത്രം പണിയുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു, അടുത്തത് മഥുരയായിരിക്കും' -എന്നായിരുന്നു ഈ ട്വീറ്റ്. അതിനിടെ, ഇക്കഴിഞ്ഞ ഡിസംബര്‍ ആറിന് ഈദ്ഗാഹില്‍ ചടങ്ങുകള്‍ നടത്തുമെന്ന് പല വര്‍ഗീയ സംഘടനകളും ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.
1984ലും പിന്നീട് 1986ലും രാമന്‍ (അയോധ്യ), ശിവന്‍ (വാരണാസി), ശ്രീകൃഷ്ണ (മഥുര) എന്നിവരെ മഹത്തായ ക്ഷേത്രങ്ങളാക്കി മാറ്റണമെന്ന് വിഎച്ച്പി തീരുമാനിച്ചപ്പോള്‍, ക്ഷേത്രമസ്ജിദ് പ്രശ്‌നങ്ങള്‍ പ്രതിഫലദായക പ്രശ്‌നങ്ങളായി ഉയര്‍ന്നു. ബാബറി മസ്ജിദ് പൊളിക്കുമ്പോള്‍ ഇത് ഒരു തുടക്കം മാത്രമാണ്, അടുത്തത് കാശിയും മഥുരയും എന്നായിരുന്നു അവരുടെ മുദ്രാവാക്യം. ആരാധനാലയങ്ങളുടെ കാര്യങ്ങളില്‍ 1947 ആഗസ്ത് 15ന് നിലനിന്നിരുന്നതുപോലെ തല്‍സ്ഥിതിയായിരിക്കുമെന്ന 1991 ലെ മതപരമായ സ്ഥല നിയമം നിലനില്‍ക്കെയായിരുന്നു ഹിന്ദുത്വരുടെ ഈ വെല്ലുവിളി.
വര്‍ഗീയ ധ്രുവീകരണത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ബിജെപി-ആര്‍എസ്എസ് കൈകളിലെ ശക്തമായ ആയുധങ്ങളിലൊന്നാണ് ക്ഷേത്ര-മസ്ജിദ് പ്രശ്‌നം. ബാബറി പൊളിക്കലിലേക്കും രാമക്ഷേത്രം പണിയുന്നതിലേക്കും നയിച്ച രാമക്ഷേത്ര പ്രചാരണത്തിലൂടെ അവര്‍ ഇത് പ്രായോഗികമായി തെളിയിച്ചതാണ്.
1949ല്‍ രാമലല്ല വിഗ്രഹം പള്ളിയില്‍ സ്ഥാപിച്ചത് കുറ്റമാണെന്നും 1992ല്‍ മസ്ജിദ് തകര്‍ത്തത് കുറ്റമാണെന്നും താഴെ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നതിന് തെളിവില്ലെന്നും സുപ്രിംകോടതി സംശയലേശമന്യേ വ്യക്തമാക്കിയിട്ടും ഈ രാമക്ഷേത്ര പ്രചാരണവും ബാബറി പൊളിക്കലും രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഇന്നത്തെ ഉറച്ച ആധിപത്യത്തിലേക്ക് നയിക്കുന്ന വിഭജന രാഷ്ട്രീയത്തിന് സമൃദ്ധമായ ലാഭവിഹിതമാവുന്ന കാഴ്ചയാണ് പിന്നീട് രാജ്യം ദര്‍ശിച്ചത്.
രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു മുദ്രാവാക്യം അവസാനിച്ചത് 'കാശിയും മഥുരയും ബാക്കിയാണ്' എന്നു പറഞ്ഞുകൊണ്ടാണ്. അതായത് അടിയന്തരമായി തിരിച്ചുപിടിക്കേണ്ട ക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ മഥുരയേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് വിഎച്ച്പി തങ്ങളുടെ വിഭജന രാഷ്ട്രീയം തുടര്‍ന്നത്.
അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത് രാമ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയതിന്റെ ഇതില്‍നിന്നു ആവേശം ഉള്‍കൊണ്ടാണ് വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മഥുരയിലെ കൃഷ്ണ ജന്മഭൂമിയും'മോചിപ്പി'ക്കുന്നതിന് പ്രചാരണ, നിയമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ഹിന്ദുത്വ സംഘടനകള്‍ തീരുമാനിച്ചത്.
മഥുര ക്ഷേത്രത്തിന് സമീപത്തെ മുസ്ലിം പള്ളി നീക്കം ചെയ്യണമെന്ന് 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 80 ഹിന്ദു സന്യാസിമാരുടെ ഒരു യോഗം നേരത്തേ ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിര്‍മ്മിച്ച ട്രസ്റ്റിന്റെ മാതൃകയില്‍ ശ്രീകൃഷ്ണ ജന്മഭൂമി ന്യാസ് രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.
ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പിന്തുണയോടെയാണ് കാശി മഥുര മോചന പ്രചാരണ നീക്കം. അയോധ്യക്ക് പിന്നാലെ കാശി, മഥുര മോചനത്തിനായി പ്രചാരണം തുടങ്ങുമെന്ന് വിഎച്ച്പി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥും ഭരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ നീക്കം എളുപ്പത്തില്‍ വിജയിക്കുമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ പ്രതീക്ഷ. വിഎച്ച്പിയുടെ ഈ നീക്കത്തില്‍നിന്ന് തങ്ങള്‍ക്ക് രാഷ്ട്രീയ ലാഭം നേടാനാവുമെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ബിജെപി കരുക്കള്‍ നീക്കുന്നത്.