ആധാര്‍ ഉപയോഗിച്ച് ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ് നല്‍കും
നികുതി ആവശ്യങ്ങള്‍ക്ക് ആധാര്‍ മാത്രം മതിയെന്ന ബജറ്റ് നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡല്‍ഹി: ആധാര്‍ മാത്രം ഉപയോഗിച്ച് ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ആദായ നികുതി വകുപ്പ് പാന്‍കാര്‍ഡ് അനുവദിക്കുമെന്ന് സിബിഡിടി ചെയര്‍മാന്‍ പ്രമോദ് ചന്ദ്ര മോദി. നികുതി ആവശ്യങ്ങള്‍ക്ക് ആധാര്‍ മാത്രം മതിയെന്ന ബജറ്റ് നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാന്‍ ഇല്ലാതെ ആധാര്‍ മാത്രം ഉപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ് അനുവദിക്കുന്ന കാര്യം പരിഗണിക്കും-പിടിഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഡിപാര്‍ട്ട്‌മെന്റിലെ മൂല്യനിര്‍ണയ ഉദ്യോഗസ്ഥന് തന്റെ അധികാരമുപയോഗിച്ച് സ്വമേധയാ പാന്‍ കാര്‍ഡ് അനുവദിക്കാനാവും. പാന്‍ ഇല്ലാതെ ആധാര്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ പാന്‍ അനുവദിക്കുകയും രണ്ടിനെയും ബന്ധിപ്പിക്കുകയും ചെയ്യാനാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാന്‍ കാര്‍ഡിന് പകരമായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനുള്ള സംവിധാനം കൊണ്ട് വരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. സപ്തംബര്‍ 1 മുതലാണ് ഈ ശുപാര്‍ശ നിലവില്‍ വരിക. നിലവിലെ നികുതി നിയമപ്രകാരം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പാന്‍ നിര്‍ബന്ധമാണ്.
പാന്‍ കാര്‍ഡ് ഇല്ലാതാവില്ലെന്നും ആധാര്‍ ഉപയോഗിക്കാമെന്നത് അധിക സൗകര്യം മാത്രമാണെന്നും പ്രമോദ് ചന്ദ്ര മോദി വ്യക്തമാക്കി.