50000ന് മുകളിലുള്ള പണമിടപാടുകൾക്ക് പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാം

കള്ളപ്പണം തടയുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്കും, 10 ലക്ഷം രൂപയിൽ കൂടുതലുള്ള സ്ഥാവര വസ്‌തുക്കൾ വാങ്ങാനും പാൻ കാർഡ് നിർബന്ധമായിരുന്നു.

Update: 2019-07-07 11:54 GMT

ന്യുഡൽഹി: പണമിടപാടുകൾക്ക് പാൻ കാർഡിന് പകരം ആധാർ ഉപയോഗിക്കാമെന്ന് കേന്ദ്ര റവന്യു സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ. പാൻകാർഡ് നിർബന്ധമാക്കിയ മറ്റെല്ലാ ആവശ്യങ്ങൾക്കും ആധാർ കാർഡ് ഇപ്പോൾ ഉപയോഗിക്കാമെന്നും പിടിഐ റിപോർട്ട് ചെയ്യുന്നു.

പാൻ കാർഡിന് പകരമായി ആധാർ സ്വീകരിക്കുന്നതിന് ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും ബാക്ക് എൻഡ് നവീകരണം നടത്തുമെന്ന് പാണ്ഡെ പറഞ്ഞു. കള്ളപ്പണം തടയുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്കും, 10 ലക്ഷം രൂപയിൽ കൂടുതലുള്ള സ്ഥാവര വസ്‌തുക്കൾ വാങ്ങാനും പാൻ കാർഡ് നിർബന്ധമായിരുന്നു.

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാനിന് പകരം ആധാർ നമ്പർ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ നിർദ്ദേശിച്ചിരുന്നു. ഈ ബജറ്റ് നിർദ്ദേശത്തോടെ പാൻ കാർഡ് ഇല്ലാത്തവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം ആധാർ നമ്പർ നൽകാനുള്ള അവസരം ലഭ്യമാക്കിയിരുന്നു.

22 കോടി പാൻ കാർഡുകൾ ഇന്ന് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 120 കോടിയിലധികം ആളുകൾക്ക് ആധാർ ഉണ്ട്. പണമിടപാടുകൾ സുഗമമാക്കുന്നതിൻറെ ഭാഗമായാണ് ഈ നീക്കം. 

Tags:    

Similar News