മല്‍സരിക്കാന്‍ സീറ്റ് ലഭിച്ചില്ല; കോണ്‍ഗ്രസ് നേതാവ് ആം ആദ്മി പാര്‍ട്ടിയില്‍
മൊഹാലി ജില്ലയിലെ ഖരാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് ജഗ്മോഹന് സിങ് കാങ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു.
ചണ്ഡിഗഢ്: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജഗ്മോഹന് സിങ് കാങ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മക്കളായ യതീന്ദ്ര സിങ് കാങ്ങും അമരീന്ദര്‍ സിങ് കാങ്ങും എഎപിയില്‍ ചേര്‍ന്നിട്ടുണ്ട്.
മൊഹാലി ജില്ലയിലെ ഖരാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് ജഗ്മോഹന് സിങ് കാങ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു.
വിജയ് ശര്‍മയാണ് ഖരാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയാണ് ഖരാറില്‍ തനിക്ക് സീറ്റ് നല്‍കുന്നതിനെ എതിര്‍ത്തതെന്ന് ജഗ്മോഹന് ആരോപിച്ചു. സീറ്റ് നിഷേധിച്ചാല്‍ ഖരാറില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് നേരത്തെ ജഗ്മോഹന് സിങ് കാങ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായാണ് അദ്ദേഹം എഎപിയില്‍ ചേര്‍ന്നത്.
ഫെബ്രുവരി 20നാണ് പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍