ജയ്പൂര്‍: ബ്ലൂ ടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍ ചോമുവിലെ ഉദയ്പുരിയ ഗ്രാമത്തിലാണ് സംഭവം. 28 കാരനായ രാകേഷ് കുമാര്‍ നഗര്‍ ആണ് മരിച്ചത്. മല്‍സരപരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് രാകേഷ്‌കുമാര്‍. പഠിച്ചുകൊണ്ടിരിക്കെ യുവാവ് ബ്ലൂ ടൂത്ത് ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് കോള്‍ ചെയ്യവെ പൊട്ടിത്തെറിക്കുകയായിരുന്നു.
തന്റെ ബ്ലൂ ടൂത്ത് ഹെഡ്‌ഫോണ്‍ പ്ലഗ്ഗില്‍ കുത്തി ചാര്‍ജ് ചെയ്തുകൊണ്ടാണ് ഫോണ്‍ ചെയ്തത്. ഇതിനിടെ ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലിസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇതിന് പിന്നാലെ യുവാവ് അബോധാവസ്ഥയിലായി. ഉടന്‍തന്നെ സിദ്ധിവിനായക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സ്‌ഫോടനത്തില്‍ യുവാവിന്റെ ഇരുചെവികള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നതായി സിദ്ധിവിനായക് ആശുപത്രിയിലെ ഡോ.എല്‍ എന്‍ റണ്ട്‌ല പറഞ്ഞു. അബോധാവസ്ഥയിലായിരുന്നു യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ചികില്‍സയ്ക്കിടെ അദ്ദേഹം മരണപ്പെടുകയായിരുന്നുവെന്ന് ഡോ.റണ്ട്‌ല സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാകേഷ് നഗര്‍ വിവാഹിതനായത്. അദ്ദേഹത്തിന്റെ സഹോദരങ്ങളില്‍ മൂത്തയാളായിരുന്നു രാകേഷ്.