ഡല്‍ഹി: പ്രശസ്ത ഇന്ത്യന്‍ കലാലയമായ ജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്. ലണ്ടന്‍ ആസ്ഥാനമായ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ വേള്‍ഡ് യൂനിവേഴ്‌സിറ്റി റാങ്കിംഗില്‍ ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ ജാമിയ മില്ലിയ ഇസ്ലാമിയ (ജെ.എം.ഐ) സര്‍വകലാശാല രണ്ടാം റാങ്ക് നേടിയതായി വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പട്ടികയില്‍ സര്‍വകലാശാല ആറാം സ്ഥാനത്തായിരുന്നു. 'ഉന്നത നിലവാരമുള്ള ഗവേഷണം, പ്രസിദ്ധീകരണങ്ങള്‍, അധ്യാപനം എന്നിവയും അന്താരാഷ്ട്ര സാന്നിധ്യവുമാണ് ഈ പ്രകടനത്തിന് കാരണമെന്നും വരും വര്‍ഷങ്ങളില്‍ റാങ്കിംഗ് കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും അക്തര്‍ പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അന്താരാഷ്ട്ര റാങ്കിംഗ് ഏജന്‍സി 501-600 ബാന്‍ഡില്‍ സര്‍വകലാശാലയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവേഷണ നിലവാരം, അധ്യാപന നിലവാരം, അന്താരാഷ്ട്ര വീക്ഷണം, വ്യവസായം എന്നിവയില്‍ സര്‍വകലാശാല പരമാവധി സ്‌കോറുകള്‍ നേടിയതായി ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. 1920-ല്‍ സ്ഥാപിതമായ ന്യൂഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വ്വകലാശാലയാണ് ജാമിയ മില്ലിയ ഇസ്ലാമിയ. 1988 ഡിസംബര്‍ 26ന് ആണ് കേന്ദ്ര സര്‍വ്വകലാശാലയായി മാറിയത്.