'നൂഹിനെ രക്ഷിക്കുക'; ജാമിഅ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം

Update: 2023-08-24 15:05 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ നൂഹ് ജില്ലയില്‍ വിഎച്ച്പി റാലി അക്രമാസക്തമായതിനു പിന്നാലെ മുസ് ലിം വീടുകള്‍ ബുള്‍ഡോസര്‍രാജിലൂടെ തകര്‍ത്തതിനെതിരേ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം. കലാപത്തിലെ മുഖ്യ ആസൂത്രകന്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസറിനെ അറസ്റ്റ് ചെയ്യുക, നൂഹ് ജില്ലയില്‍ വീടുകള്‍ തകര്‍ത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തിയത്. 'നൂഹിനെ രക്ഷിക്കുക', 'ആഗസ്ത് 28ലെ വിഎച്ച്പി ശോഭാ യാത്ര നിര്‍ത്തലാക്കുക', 'അക്രമം അവസാനിപ്പിക്കുക', 'മോനു മനേസറിനെ അറസ്റ്റ് ചെയ്യുക' തുടങ്ങിയ പോസ്റ്ററുകള്‍ പിടിച്ച് വിവിധ സംഘടനകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയുടെ ഗേറ്റ് നമ്പര്‍ ഏഴിനു മുന്നില്‍ തടിച്ചുകൂടിയത്. 'ഞങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് മൂന്ന് ആവശ്യങ്ങള്‍ ഉന്നയിക്കാനുണ്ടെന്നും നിരപരാധികളായ മുസ് ലിംകള്‍ക്കെതിരായ എഫ്‌ഐആര്‍ പിന്‍വലിക്കണമെന്നും വീടുകള്‍ ബുള്‍ഡോസര്‍ ചെയ്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാരനായ മുഹമ്മദ് അല്‍ ഫൗസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഹരിയാന ഭവനിലേക്ക് മാര്‍ച്ച് ചെയ്യാനാണ് ആസൂത്രണം ചെയ്തതെന്നും പോലിസ് അനുമതി നിഷേധിച്ചതിനാല്‍ സാധിച്ചില്ല. ജാമിഅയുടെ ഗേറ്റ് നമ്പര്‍ 7, 8, 9 എന്നിവ അധികൃതര്‍ അടച്ചിടുകയായിരുന്നു.

    പ്രതിഷേധം ഗേറ്റിന് പുറത്തേക്ക് നീങ്ങിയാല്‍ ദീര്‍ഘകാലത്തേക്ക് തടങ്കലില്‍ വയ്ക്കുമെന്ന് പോലിസ് പറഞ്ഞതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(എഐഎസ്എ), ഓള്‍ ഇന്ത്യ റവല്യൂഷനറി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍(എഐആര്‍എസ്ഒ), ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, മുസ് ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍, മേവാത്ത് സ്റ്റുഡന്റ്‌സ് യൂനിയന്‍, നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്‍എസ് യുഐ), സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ് എഫ് ഐ), സ്റ്റുഡന്റ്‌സ് ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍(എസ് ഐഒ) ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

    ആഗസ്ത് 28ന് ഹരിയാനയിലെ നുഹില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്താനിരുന്ന 'ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര'യ്ക്ക് അധികൃതര്‍ ഇതിനോടകം അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, അനുമതി നിരസിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഒരു അനുമതിയുടെയും ആവശ്യമില്ലെന്നുമാണ് വിഎച്ച്പി നേതാവ് ദേവേന്ദര്‍ സിങ് പറയുന്നത്. ജൂലൈ 31ന് നുഹില്‍ നടന്ന വിഎച്ച്പിയുടെ യാത്രയ്ക്ക് നേരെ ജനക്കൂട്ടം കല്ലെറിഞ്ഞുവെന്നാരോപിച്ച് വന്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. തൊട്ടടുത്ത ഗുരുഗ്രാമിലേക്ക് വ്യാപിക്കുകയും രണ്ട് ഹോം ഗാര്‍ഡുകളും ഒരു പള്ളി ഇമാമും ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 61 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 286 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലിസ് അറിയിച്ചു.

Tags:    

Similar News