ബിജെപി വിമതന്‍ ലാല്‍ സിങ് ഉള്‍പ്പെടെ ജമ്മു നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയച്ചു

തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതായി ചൊവ്വാഴ്ച്ച രാത്രിയാണ് പോലിസ് അറിയിച്ചതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് റാണ പറഞ്ഞു. സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കും. പാര്‍ട്ടി എന്ന നിലയില്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2019-10-02 15:31 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കയതിനു പിന്നാലെ വീട്ടുതടങ്കലിലായ ജമ്മുവിലെ രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചു. കശ്മീരിലെ അബ്ദുല്ല കുടുംബത്തിന്റെ അടുത്ത സഹചാരിയായ ദേവേന്ദ്ര റാണ, മുന്‍ മന്ത്രിമാരായ ചൗധരി ലാല്‍ സിങ്, സുര്‍ജിത് സലാത്തിയ, ജാവേദ് റാണ, സാജിദ് കിച്ച്‌ലൂ എന്നിവര്‍ മോചിപ്പിക്കപ്പെട്ടവരില്‍പ്പെടും.

തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതായി ചൊവ്വാഴ്ച്ച രാത്രിയാണ് പോലിസ് അറിയിച്ചതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് റാണ പറഞ്ഞു. സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കും. പാര്‍ട്ടി എന്ന നിലയില്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 24ന് ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് നേതാക്കളുടെ മോചനം.

അതേ സമയം കശ്മീര്‍ താഴ്‌വരയിലെ നേതാക്കളുടെ മോചനം സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നുമില്ല. മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ ഇപ്പോഴും തടങ്കലിലാണ്. ജമ്മുവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ക്രമേണ പുനസ്ഥാപിക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നതിന്റെ സൂചനയാണ് നേതാക്കളുടെ മോചനം.

എന്നാല്‍, ജമ്മുവില്‍ ആരെയും വീട്ടുതടങ്കലില്‍ ആക്കിയിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. രാഷ്ട്രീയ തടവ്, വീട്ടു തടങ്കല്‍ തുടങ്ങിയവ തെറ്റായ രീതിയില്‍ പ്രയോഗിക്കുകയാണെന്നും ഒരു രാഷ്ട്രീയ നേതാവിനും ജമ്മുവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് ജമ്മു ഡിവിഷന്‍ കണ്‍വീനര്‍ കമ്മീഷണര്‍ സഞ്ജീവ് വര്‍മ വ്യക്തമാക്കിയത്.

അതേ സമയം, താന്‍ വീട്ടുതടങ്കലില്‍ ആയിരുന്നുവെന്ന്്, കത്വ ബലാല്‍സംഗക്കേസിലെ പ്രതികളെ അനുകൂലിച്ചതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മുന്‍ ബിജെപി നേതാവ് ലാല്‍ സിങ് പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News