ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ പ്രാദേശിക രാഷ്ട്രീയ നേതാവിനെ സായുധര്‍ വെടിവച്ചുകൊന്നു. അപ്‌നി പാര്‍ട്ടി നേതാവ് ഗുലാം ഹസന്‍ ലോണ്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് തെക്കന്‍ കശ്മീരിലെ ദേവ്‌സറിലായിരുന്നു സംഭവം. അപ്‌നി പാര്‍ട്ടി സോണല്‍ പ്രസിഡന്റും പിഡിപി മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ ലോണിനെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് സായുധര്‍ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ ലോണിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്തതായി പോലിസ് അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെ നാല് രാഷ്ട്രീയ നേതാക്കളെയാണ് സായുധര്‍ കൊലപ്പെടുത്തിയത്.
രണ്ട് ദിവസം മുമ്പ് കുല്‍ഗാം സ്വദേശിയായ ബിജെപി നേതാവിനെ സായുധര്‍ കൊലപ്പെടുത്തി രണ്ടുദിവസത്തിനു ശേഷമാണ് ലോണിന്റെ കൊലപാതകം. ബിജെപി മണ്ഡലം പ്രസിഡന്റ് ജാവേദ് അഹമ്മദ് ധാറിനെയാണ് ചൊവ്വാഴ്ച വൈകീട്ട് സായുധര്‍ കൊലപ്പെടുത്തിയത്. മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി)യില്‍നിന്ന് രാജിവച്ച ലോണ്‍ നാലുമാസങ്ങള്‍ക്കു മുമ്പാണ് അപ്‌നി പാര്‍ട്ടിയില്‍ അംഗമായത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കി ഏഴ് മാസങ്ങള്‍ക്ക് ശേഷം 2020 മാര്‍ച്ചിലാണ് അപ്‌നി പാര്‍ട്ടി രൂപംകൊണ്ടത്.
പിഡിപി മുന്‍ നേതാവ് അല്‍താഫ് ബുക്കാരിയാണ് അപ്‌നി പാര്‍ട്ടി രൂപീകരിച്ചത്. ബിജെപിയുടെ ബി ടീം ആണ് അപ്‌നി പാര്‍ട്ടിയെന്നാണ് പിഡിപിയുടെ ആരോപണം. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ കുല്‍ഗാമിലെ ദേവ്‌സാറിലും പരിസരപ്രദേശവും സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. സായുധരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ലോണിന്റെ കൊലപാതകത്തെ അപ്‌നി പാര്‍ട്ടി അപലപിച്ചു.
അപ്‌നി പാര്‍ട്ടിയുടെ പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകന്‍ ഗുലാം ഹസ്സന്‍ ലോണിനെതിരായ ഭീരുത്വപരമായ നടപടിയെ അപ്‌നി പാര്‍ട്ടി ശക്തമായി അപലപിക്കുന്നുവെന്ന് ട്വീറ്റില്‍ പാര്‍ട്ടി പറഞ്ഞു. പൊതുജന ക്ഷേമത്തിനായി ജീവന്‍ വെടിഞ്ഞ നിരപരാധികളായ രാഷ്ട്രീയപ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ അഗാധമായ വേദന അറിയിക്കുന്നുവെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു. നിര്‍ഭാഗ്യവശാല്‍ കശ്മീരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അവസാനമില്ലെന്ന് പിഡിപി മേധാവിയും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പറഞ്ഞു.