ജസ്റ്റിസ് ആര്‍ ഭാനുമതി സുപ്രിംകോടതി കൊളീജിയത്തില്‍
2020 ജൂലൈ 19ന് വിരമിക്കുന്നതുവരെ ജസ്റ്റിസ് ആര്‍ ഭാനുമതി കൊളീജിയത്തില്‍ അംഗമായി തുടരും. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരാണ് കൊളീജിയത്തിലുള്ളത്.
ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ആര്‍ ഭാനുമതി കൊളീജിയത്തില്‍ അംഗമായി. 13 വര്‍ഷത്തിനുശേഷമാണ് ഒരു വനിതാ ജഡ്ജി കൊളീജിയം അംഗമാവുന്നത്. കൊളീജിയത്തില്‍ അംഗമാവുന്ന രണ്ടാമത്തെ വനിതയാണ് ജസ്റ്റിസ് ആര്‍ ഭാനുമതി. ജസ്റ്റിസ് രുമ പാലാണ് കൊളീജിയത്തില്‍ അംഗമായ ആദ്യവനിത. സുപ്രിംകോടതിയിലെ 34 ജഡ്ജിമാരില്‍ മൂന്നുപേര്‍ മാത്രമാണ് വനിതകള്‍. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവരാണ് മറ്റ് രണ്ട് ജഡ്ജിമാര്‍. 2020 ജൂലൈ 19ന് വിരമിക്കുന്നതുവരെ ജസ്റ്റിസ് ആര്‍ ഭാനുമതി കൊളീജിയത്തില്‍ അംഗമായി തുടരും. ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഏറ്റവും മുതിര്‍ന്ന അഞ്ച് ജഡ്ജിമാരാണ് കൊളീജിയത്തിലുള്ളത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിച്ച ഒഴിവിലാണ് ഭാനുമതി കൊളീജിയത്തിലെത്തുന്നത്. ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എന്‍ വി രമണ, അരുണ്‍ മിശ്ര, രോഹിംഗ്ടണ്‍ നരിമാന്‍ എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍. തമിഴ്‌നാട് സ്വദേശിയായ ഭാനുമതിയെ, 2014 ലാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നത്. ജില്ലാ, സെഷന്‍സ് ജഡ്ജിയായാണ് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. പിന്നീട് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി. സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്ന സമയത്ത് ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു അവര്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ജഡ്ജിമാരെയും സുപ്രിംകോടതി ജഡ്ജിമാരെയും നിയമിക്കാനും സ്ഥലംമാറ്റാനും ശുപാര്‍ശ നല്‍കുന്നത് കൊളീജിയമാണ്.