സുപ്രിംകോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ ചുമതലയേറ്റു

തിങ്കളാഴ്ച രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

Update: 2019-11-18 05:09 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ 47ാമത് ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്തതിനുശേഷം സുപ്രിംകോടതിയിലെത്തി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. ബാബരി, ശബരിമല തുടങ്ങിയ സുപ്രധാനവിഷയങ്ങളില്‍ ഇനിയുള്ള നിയമപോരാട്ടങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിനു കീഴിലാവും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ച ഒഴിവിലേക്കാണ് സുപ്രിംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജിയായ ശരദ് അരവിന്ദ് ബോബ്‌ഡെയെ നിയമിച്ചത്.

വിരമിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തത്. 2021 ഏപ്രില്‍ 23 വരെയാണ് ജസ്റ്റിസ് ബോബ്‌ഡെയുടെ ഔദ്യോഗിക കാലാവധി. നാഗ്പൂര്‍ സര്‍വകലാശാലയില്‍നിന്നു എല്‍എല്‍ബി ബിരുദം നേടിയ ജസ്റ്റിസ് ബോബ്‌ഡെ, 1978ലാണ് മഹാരാഷ്ട്ര ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകനായി സേവനം തുടങ്ങിയത്. 1998ല്‍ മുതിര്‍ന്ന അഭിഭാഷകനും 2000ല്‍ ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയുമായി. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Tags:    

Similar News