രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി കങ്കണയും സഹോദരിയും

അറസ്റ്റ് തടഞ്ഞുകൊണ്ട് ബോംബെ ഹൈക്കോടതി ഇരുവര്‍ക്കും ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. തുടര്‍ന്ന് കങ്കണയോടും സഹോദരി രംഗോളി ചന്ദലിനോടും ഇന്ന് മുംബൈ പോലിസിന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു.

Update: 2021-01-08 12:00 GMT

മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടി കങ്കണ റണാവത്തും സഹോദരിയും ചോദ്യം ചെയ്യലിനായി മുംബൈ പോലിസിന് മുമ്പാകെ ഹാജരായി. മുംബൈയിലെ ബാന്ദ്ര പോലിസ് സ്റ്റേഷനിലാണ് ഇരുവരുമെത്തിയത്. അറസ്റ്റ് തടഞ്ഞുകൊണ്ട് ബോംബെ ഹൈക്കോടതി ഇരുവര്‍ക്കും ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. തുടര്‍ന്ന് കങ്കണയോടും സഹോദരി രംഗോളി ചന്ദലിനോടും ഇന്ന് മുംബൈ പോലിസിന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയായിരുന്നു. അന്വേഷണവുമായി നിസ്സഹകരണത്തിലായിരുന്ന കങ്കണ കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഹാജരായത്.

കേസ് തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. വൈ കാറ്റഗറി സുരക്ഷയുള്ള കങ്കണ ഉച്ചയ്ക്ക് ഒന്നോടെ തന്റെ അഭിഭാഷകനുമൊപ്പമാണ് പോലിസ് സ്‌റ്റേഷനിലെത്തിയത്. രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് കങ്കണയെ വിട്ടയച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ട്വിറ്ററില്‍ പോസ്റ്റുചെയ്ത നൂറിലധികം ട്വീറ്റുകള്‍ സംബന്ധിച്ച് കങ്കണയുടെ മൊഴികള്‍ രേഖപ്പെടുത്തേണ്ടതുണ്ടെന്ന് പോലിസ് മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ മൊഴിരേഖപ്പെടുത്തുന്നതിനായി എത്തിച്ചേരണമെന്നാവശ്യപ്പെട്ട് മുംബൈ പോലിസ് കങ്കണയ്ക്ക് മൂന്നുപ്രാവശ്യം നോട്ടീസ് അയച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് ബാന്ദ്ര പോലിസ് കങ്കണയ്ക്കും സഹോദരിക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നുള്ള ഉത്തരവിനെത്തുടര്‍ന്നാണ് ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കങ്കണയും സഹോദരിയും ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Tags:    

Similar News