ഭോപ്പാല്‍: ഗുങ്കട് നിരോധിക്കണമെന്ന പരാമര്‍ശത്തില്‍ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന് കര്‍ണി സേനയുടെ ഭീഷണി. പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ വീട്ടില്‍ കയറി വന്ന് മര്‍ദ്ദിക്കുകയും നാക്കും കണ്ണുകളും പിഴുതെടുക്കുമെന്നുമാണ് കര്‍ണിസേനയുടെ ഭീഷണി. കര്‍ണിസേന നേതാവ് ജീവന്‍ സിങ് സൊലാങ്കിയാണ് ജാവേദ് അക്തറിനെതിരെ രംഗത്തെത്തിയത്.
നിഖാബ് നിരോധിക്കുകയാണെങ്കില്‍ അതിനൊപ്പം രാജസ്ഥാനിലെ സ്ത്രീകളുടെ മുഖാവരണമായ ഗുങ്കടും നിരോധിക്കണം. ഗുങ്കടും മുഖം മറക്കുന്ന രീതിയിലുള്ള വസ്ത്രമാണ്- ഭോപ്പാലില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ജാവേദ് അക്തര്‍ ഇങ്ങനെ പറഞ്ഞത്.
ഇതേത്തുടര്‍ന്നാണ് ജാവേദ് അക്തറിന് നേരേ കര്‍ണിസേന രംഗത്തെത്തിയത്. നിഖാബ് ഭീകരവാദവുമായും രാജ്യ സുരക്ഷയുമായും ബന്ധപ്പെട്ടതാണ്. ഗുങ്കട്് അങ്ങനെയല്ലെന്നാണ് കര്‍ണിസേനയുടെ വാദം. രാജസ്ഥാനിലെ അവസാന ഘട്ട തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തീവ്ര ഹിന്ദുത്വ ശക്തികള്‍ ജാവേദ് അക്തറിന് നേരെ രംഗത്തെത്തിയിരിക്കുന്നത്.
ഭീഷണിയെ തുടര്‍ന്ന് നിലപാട് വ്യക്തമാക്കി ജാവേദ് അക്തര്‍ ട്വീറ്റ് ചെയ്തു. 'ചില ആളുകള്‍ എന്റെ പ്രസ്താവന വികലമാക്കാന്‍ ശ്രമിക്കുന്നു. ഒരു പക്ഷേ സുരക്ഷാ കാരണങ്ങളാലാവാം ശ്രീലങ്കയില്‍ നിഖാബ് നിരോധിച്ചത്. എന്നാല്‍, സ്ത്രീ ശാക്തീകരണത്തിന് അത് ആവശ്യമാണ്. മുഖത്തെ മൂടുന്നത് നിഖാബ് ആയാലും ഗുങ്കട് ആയാലും നിരോധിക്കണം'.
ശ്രീലങ്കയിലെ സ്‌ഫോടനത്തിന് പിന്നാലെ നിഖാബ് നിരോധിച്ചതോടെ ഇന്ത്യയിലും നിരോധനം വേണമെന്ന് വ്യക്തമാക്കി നേരത്തെ ശിവസേന അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതാദ്യമായല്ല തീവ്ര ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന കര്‍ണിസേന ഭീഷണിയുമായി രംഗത്തെത്തുന്നത്. നേരത്തെ 'പദ്മാവത്' എന്ന സിനിമയ്‌ക്കെതിരെ ഈ സംഘടന രംഗത്ത് വന്നിരുന്നു.