ഹാഥ്‌റസ്, ബല്ലിയ്യ: സവര്‍ണ കൊലയാളികള്‍ക്ക് പിന്തുണയുമായി കര്‍ണി സേന

ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കുകയും വാല്‍മീകി സമുദായംഗങ്ങള്‍ പലയിടത്തും ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു

Update: 2020-10-24 10:57 GMT

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലെയും ബല്ലിയ്യയില്‍ ബിജെപി നേതാവിന്റെ അനുയായി പഞ്ചായത്ത് യോഗത്തിനിടെ വെടിയുതിര്‍ത്ത് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളികള്‍ക്ക് പിന്തുണയുമായി കര്‍ണി സേന. സവര്‍ണജാതിക്കാരായ താക്കൂര്‍ സമുദായത്തില്‍പെട്ട പ്രതികള്‍ക്കു വേണ്ടിയാണ് ശ്രീ രാജ്പുത് കര്‍ണി സേന ഇപ്പോള്‍ രംഗത്തെത്തിയത്. ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കുകയും വാല്‍മീകി സമുദായംഗങ്ങള്‍ പലയിടത്തും ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു.

    ഒക്ടോബര്‍ 15ന് റേഷന്‍ കട അനുവദിക്കുന്നതു സംബന്ധിച്ച് പഞ്ചായത്ത് യോഗത്തിനിടെ ബല്ലിയ്യയില്‍ ബിജെപിയുടെ പോഷകസംഘടനാ നേതാവ് ധീരേന്ദ്ര സിങ് ഒരാളെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. വെടിവച്ചുകൊന്ന പ്രതിയായ ധീരേന്ദ്ര സിങിനെ കാണാന്‍ ബല്ലിയയിലേക്കുള്ള യാത്രാമധ്യേ ഒരു സംഘം കര്‍ണി സേനാംഗങ്ങളെ പോലിസ് തടഞ്ഞു.

    റേഷന്‍ ഷാപ്പ് അനുവദിക്കുന്നതിനിടെ ധീരേന്ദ്രയുടെ 84 വയസ്സുള്ള പിതാവിനോട് മറുവശത്തുള്ളവര്‍ വഴക്കിട്ടതാണ് കൊലപാതകത്തിനു കാരണമെന്ന് കര്‍ണി സേന സീനിയര്‍ വൈസ് പ്രസിഡന്റ് ധ്രുവ് കുമാര്‍ സിങ് ന്യായീകരിച്ചു. ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് ഇതേ കാര്യം പറയുന്നുണ്ടെന്നും കര്‍ണി സേന അദ്ദേഹത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, ബെയ്രിയ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് പ്രതിയായ ധീരേന്ദ്ര പ്രതാപ് സിങിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ബിജെപി നേതൃത്വം അദ്ദേഹത്തിനു താക്കീത് നല്‍കുകയും ഇക്കാര്യത്തില്‍ പ്രസ്താവനകള്‍ ഇറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഭരണകൂടം പ്രതികളെ ലക്ഷ്യമിട്ടതാണെന്നും അവര്‍ക്ക് നീതി തേടി പ്രക്ഷോഭം നടത്തുമെന്ന് പ്രതിജ്ഞയെടുത്തതായും കര്‍ണി സേന പ്രസിഡന്റ് വീര്‍ പ്രതാപ് സിങ് വിരു പറഞ്ഞു.

    ഹാഥ്‌റസിലെ ദലിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലുപേരും താക്കൂര്‍ സമുദായത്തില്‍പെട്ടവരാണ്. പ്രതികളെ പിന്തുണച്ച് ഹാഥ്‌റസില്‍ നടന്ന താക്കൂര്‍ പഞ്ചായത്തില്‍ കര്‍ണി സേന അംഗങ്ങളും പങ്കെടുത്തിരുന്നു.

Karni Sena supports accused in Ballia, Hathras




Tags:    

Similar News