യുപിയില്‍ യുവ പിസിഎസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍
മനിയാര്‍നഗര്‍ പഞ്ചായത്തിലെ എക്‌സിക്യൂട്ടിവ് ഓഫിസറായ മണിമഞ്ജരി റായി(30)യെയാണ് ചൊവ്വാഴ്ച രാവിലെ ആവാസ് വികാസ് കോളനിയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യുവ പിസിഎസ് (പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസ്) ഉദ്യോഗസ്ഥയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മനിയാര്‍നഗര്‍ പഞ്ചായത്തിലെ എക്‌സിക്യൂട്ടിവ് ഓഫിസറായ മണിമഞ്ജരി റായി(30)യെയാണ് ചൊവ്വാഴ്ച രാവിലെ ആവാസ് വികാസ് കോളനിയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ജനലുകള്‍ തുറന്നുകിടക്കുന്നത് കണ്ടാണ് അയല്‍ക്കാര്‍ വീട്ടിലെത്തി നോക്കിയത്. കിടപ്പുമുറിയില്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഗാസിപുര്‍ സ്വദേശിയായ മണിമഞ്ജരി കഴിഞ്ഞ രണ്ട് വര്‍ഷമായി മനിയാര്‍നഗര്‍ പഞ്ചായത്തിലാണ് ജോലിചെയ്യുന്നത്. ആവാസ് വികാസ് കോളനിയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.വീട്ടില്‍നിന്ന് രണ്ട് വരികള്‍ മാത്രമുള്ള ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കേസുകളില്‍ തന്നെ കുടുക്കിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നത്.