രണ്ടില ചിഹ്‌നം: ഹൈക്കോടതി വിധിക്കെതിരേ ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍; തടസ്സഹരജിയുമായി ജോസ് പക്ഷവും
ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോസഫ് വിഭാഗത്തിന്റെ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സുപ്രിംകോടതിയില്‍ തടസ്സഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസി (എം) ലെ രണ്ടില ചിഹ്‌നത്തെച്ചൊല്ലിയുള്ള തര്‍ക്കം വീണ്ടും കോടതി കയറുന്നു. രണ്ടില ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ പി ജെ ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോസഫ് വിഭാഗത്തിന്റെ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സുപ്രിംകോടതിയില്‍ തടസ്സഹരജിയും ഫയല്‍ ചെയ്തിട്ടുണ്ട്.
ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസാണ് ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാണ് ആവശ്യം. എന്നാല്‍, ഇടക്കാല ആവശ്യമെന്ന നിലയില്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലെത്തിക്കാനുള്ള ശ്രമവും ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്താല്‍ ജോസ് കെ മാണി വിഭാഗത്തിലെ സ്ഥാനാര്‍ഥികള്‍ രണ്ടില ചിഹ്നത്തില്‍ മല്‍സരിക്കുന്നത് തടയാന്‍ കഴിയുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. ജോസഫ് വിഭാഗത്തിന് വേണ്ടി ഭരണഘടന വിദഗ്ധരായ സീനിയര്‍ അഭിഭാഷകര്‍ സുപ്രിംകോടതിയില്‍ ഹാജരാവും. രണ്ടില ചിഹ്നം സംബന്ധിച്ച് ജോസ് വിഭാഗത്തിന് അനുകൂലമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സിംഗിള്‍ ബെഞ്ചാണ് ആദ്യം ശരിവച്ചത്. ഇതിനെതിരേ പി ജെ ജോസഫ് വിഭാഗത്തിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.