സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകം; ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിന് നേരേ ലാത്തിച്ചാര്‍ജ്
ന്യൂഡല്‍ഹി: ഫാ.സ്റ്റാന്‍ സ്വാമിയുടേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്നാരോപിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരേ പോലിസ് അതിക്രമം. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എസ്എഫ്‌ഐ നേതാക്കള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദിപ്‌സിത, എസ്എഫ്‌ഐ ഡല്‍ഹി സംസ്ഥാന സെക്രട്ടറി പ്രതീഷ്, സംസ്ഥാന പ്രസിഡന്റ് സുമിത്, എസ്എഫ്‌ഐ ജെഎന്‍യു പ്രസിഡന്റ് ഹരേന്ദ്ര എന്നിവരടക്കമുള്ളവര്‍ക്ക് പോലിസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. പലരെയും പോലിസ് മര്‍ദ്ദിച്ചതായി നേതാക്കള്‍ ആരോപിച്ചു.
എസ്എഫ്‌ഐ പ്രവര്‍ത്തകരെ മന്ദിര്‍ മാര്‍ഗ് പോലിസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചതായി എസ്എഫ്‌ഐ നേതാക്കള്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ഡല്‍ഹി അംബേദ്കര്‍ യൂനിവേഴ്‌സിറ്റി, ജാമിഅ, ഡല്‍ഹി യൂനിവേഴ്‌സിറ്റി, ജെഎന്‍യു എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.
യുഎപിഎ റദ്ദാക്കണമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുനേരേ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജിനെ എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിച്ചു. ജനാധിപത്യം സംരക്ഷിക്കാന്‍ വിയോജിപ്പിനെതിരായ പോരാട്ടം ഇനിയും തുടരുമെന്ന് കേന്ദ്ര കമ്മിറ്റി അറിയിച്ചു.