വാര്‍ത്ത നല്‍കാന്‍ കൈക്കൂലി; ബിജെപി നേതാക്കള്‍ക്കെതിരേ കേസ്
ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന, എംഎല്‍സി വിക്രം റന്താവ എന്നിവര്‍ക്കെതരേയാണ് കേസ്
ജമ്മു: അഞ്ചാംഘട്ട വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയെന്ന പരാതിയില്‍ ബിജെപി നേതാക്കള്‍ക്കെതിരേ കേസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന, എംഎല്‍സി വിക്രം റന്താവ എന്നിവര്‍ക്കെതരേയാണ് കേസ്.
വ്യാഴാഴ്ച ലേയിലെ ഹോട്ടല്‍ സിങ്‌ഗെ പാലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷം രവീന്ദര്‍ റെയ്‌ന, വിക്രം റന്താവ എന്നിവര്‍, തങ്ങളുടെ വാര്‍ത്തകള്‍ക്ക് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തില്‍ നല്ല പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം കൊടുത്തെന്നാണു പരാതി. എന്നാല്‍ പണം നിരസിച്ച മാധ്യമപ്രവര്‍ത്തകര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നടപടിയാവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. ലേ(ലഡാക്ക്) പ്രസ് ക്ലബ്ബ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി റിപോര്‍ട്ടു സമര്‍പ്പിക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റു പോലിസിനോടു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണു പോലിസ് കേസെടുത്തത്.
കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്നതാണ് പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍. താനുള്‍പ്പെടെ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് സംസ്ഥാന പ്രസിഡന്റിന്റെ മുന്നില്‍വച്ച് പണം അടങ്ങിയ കവര്‍ കൈമാറിയതെന്നു ലേ പ്രസ് ക്ലബ്ബ് അംഗം റിന്‍ചെന്‍ ആങ്‌മോ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ലഡാക്ക് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിഗ്‌സിന്‍ സ്പാല്‍ബറും ബിജെപി നേതാക്കള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു.