യുപിയിലെ ക്ഷേത്രത്തില്‍ ആചാരം ലംഘിച്ച് സ്വവര്‍ഗ വിവാഹം
അതേസമയം സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാവില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും രജിസ്ട്രാര്‍ ആര്‍ കെ പാല്‍ പറഞ്ഞു. രജിസ്ട്രാറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനിരിക്കുകയാണ് യുവതികള്‍.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബുന്ദല്‍കന്ത് മേഖലയിലെ ക്ഷേത്രത്തില്‍ ആചാരം ലംഘിച്ച് സ്വവര്‍ഗ വിവാഹം നടന്നതായി റിപോര്‍ട്ട്. 26ഉം 24ഉം വയസ്സ് പ്രായമുള്ള യുവതികള്‍ തമ്മിലായിരുന്നു വിവാഹം. നേരത്തെ വിവാഹിതരായിരുന്ന ഇരു യുവതികളും ഭര്‍ത്താക്കന്‍മാരില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് ഒന്നിക്കാന്‍ തീരുമാനിച്ചത്. സഹപാഠികളായിരുന്ന ഇരുവരും ഒന്നിച്ചു താമസിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതാണ്.എങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞ അവര്‍ സാധാരണ വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. ഭര്‍ത്താക്കന്‍മാരുമായി ഒരുമിച്ച് പോവാന്‍ സാധിക്കാത്തതിനാലാണ് പിരിയുന്നതെന്നും ഇപ്പോഴാണ് ശരിയായ വിവാഹം നടന്നതെന്നും ഇരുവരും പറഞ്ഞു.
കാലങ്ങളായുള്ള തങ്ങളുടെ ആഗ്രഹം സാധിക്കാനായതില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാവില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും രജിസ്ട്രാര്‍ ആര്‍ കെ പാല്‍ പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഇത് നിയമവിരുദ്ധമാണ്. ഇത്തരമൊരു കീഴ്‌വഴക്കം സംസ്ഥാനത്തില്ലാത്തതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന യുവതികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. എന്നാല്‍ സ്വവര്‍ഗ വിവാഹം സുപ്രിംകോടതി അംഗീകരിച്ചതാണെന്നും അതിനാല്‍ തന്നെ വിവാഹത്തിന് നിയമ സാധുതയുണ്ടെന്നും യുവതികളുടെ അഭിഭാഷകന്‍ ദയാ ശങ്കര്‍ വ്യക്തമാക്കി. രജിസ്ട്രാറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കാനിരിക്കുകയാണ് യുവതികള്‍.