ജയ്പൂരില്‍ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 11 ആയി

Update: 2021-07-12 04:39 GMT

ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരണപ്പെട്ടവരുടെ എണ്ണം 11 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇടിമിന്നലേറ്റപ്പോള്‍ നിരവധിയാളുകള്‍ വാച്ച് ടവറിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. സംഭവം നടക്കുമ്പോള്‍ 27 വാച്ച് ടവറിലും കോട്ട മതിലിലുമുണ്ടായിരുന്നതായി റിപോര്‍ട്ടുണ്ട്. കുറച്ചുപേര്‍ ഇടിമിന്നലേറ്റാണ് മരിച്ചതെങ്കില്‍, ബാക്കിയുള്ളവര്‍ ഭയന്ന് ടവറില്‍നിന്ന് ചാടിയതിനെത്തുടര്‍ന്നുണ്ടായ പരിക്കുകളെത്തുടര്‍ന്നാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

വാച്ച് ടവര്‍ ദുരന്തത്തിന് പുറമെ ഇടിമിന്നലേറ്റ് രാജസ്ഥാനിലെ പല ഭാഗങ്ങളില്‍നിന്നായി ഒമ്പത് മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്. ബാരന്‍, ജാല്‍വാര്‍ എന്നിവിടങ്ങളില്‍ ഒരുമരണം, കോട്ടയില്‍ നാല് മരണങ്ങള്‍, ധോല്‍പൂര്‍ ജില്ലകളില്‍ മൂന്ന് പേര്‍. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. രാജസ്ഥാനില്‍ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയാണ്. തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ വ്യാപകമായി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

Tags:    

Similar News