പട്‌ന: ബിഹാറിലെ എട്ട് ജില്ലകളിലായി ഇടിമിന്നലേറ്റ് 17 പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ ബിഹാറില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഭഗല്‍പൂര്‍- ആറ്, വൈശാലി- മൂന്ന്, ഖഗാരിയ-രണ്ട്, കതിഹാര്‍- ഒന്ന്, സഹര്‍സ- ഒന്ന്, മധേപുര- ഒന്ന്, ബങ്ക- രണ്ട്, മുന്‍ഗര്‍- ഒന്ന് എന്നിങ്ങനെയാണ് ഇടിമിന്നലില്‍ മരിച്ചതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി അറിയിച്ചു.
സഹായധനം എത്രയും വേഗം കൈമാറണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. മോശം കാലാവസ്ഥയില്‍ പൂര്‍ണജാഗ്രത പാലിക്കണമെന്നും ഇടിമിന്നല്‍ തടയാന്‍ ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. മോശം കാലാവസ്ഥയില്‍ വീട്ടില്‍ തന്നെ തുടരുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗുജറാത്ത് മേഖല, മധ്യപ്രദേശ്, വിദര്‍ഭയുടെ ബാക്കി ഭാഗങ്ങള്‍, ഛത്തീസ്ഗഢിന്റെ ചില ഭാഗങ്ങള്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ വടക്ക്, മധ്യ, കിഴക്കന്‍ ഇന്ത്യയിലുടനീളം ഒറ്റപ്പെട്ട കനത്ത മഴയോടൊപ്പമുള്ള ഇടിമിന്നല്‍ തുടരാന്‍ സാധ്യതയുണ്ട്.
ശനിയാഴ്ച ഐഎംഡി ബുള്ളറ്റിനില്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഗംഗാനദി പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ കനത്ത മഴ പ്രവചിച്ചിരുന്നു. അടുത്ത അഞ്ച് ദിവസങ്ങളില്‍ ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഗംഗാനദി പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും എന്നിവയ്‌ക്കൊപ്പം വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ട്. ഒഡിഷയിലും ഇടിമിന്നലേറ്റ് നാലുപേര്‍ മരിച്ചിട്ടുണ്ട്.