ത്രിപുരയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു
ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആയുധധാരികളായ സംഘം കൃപ രഞ്ജന്‍ ചക്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം അദ്ദേഹത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മാണിക്പൂര്‍ സ്‌റ്റേഷനിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി പ്രാദേശിക നേതാവിനെ വെടിവച്ചുകൊന്നു. ബിജെപിയുടെ ആദിവാസി വിഭാഗമായ ജനജതി മോര്‍ച്ചയുടെ സജീവ അംഗവും 'പന്ന പ്രമുഖും' ആയ കൃപ രഞ്ജന്‍ ചക്മ (37) ആണ് കൊല്ലപ്പെട്ടത്. ദലൈ ജില്ലയില്‍ ജലചന്ദ്ര കര്‍ബരിപര പ്രദേശത്തെ വസതിയിലാണ് ഇയാളെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആയുധധാരികളായ സംഘം കൃപ രഞ്ജന്‍ ചക്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ശേഷം അദ്ദേഹത്തിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മാണിക്പൂര്‍ സ്‌റ്റേഷനിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംഭവം നടന്നശേഷം ഞങ്ങള്‍ക്ക് ഒരു ഫോണ്‍കോള്‍ ലഭിച്ചു. തുടര്‍ന്ന് തങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃപ രഞ്ജന്‍ താമസിക്കുന്ന അതേ ഗ്രാമവാസികളായ ഉത്തംകുമാര്‍ ചക്മ, ബ്രജമോഹന്‍ ചക്മ, ഹേമന്ത ചക്മ എന്നിവരാണ് അറസ്റ്റിലായവര്‍. ഐപിസി, ആയുധ നിയമത്തിലെ സെക്ഷന്‍ 302 പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. കൊലപാതകത്തെ ബിജെപി നേതൃത്വം അപലപിച്ചു.
ത്രിപുര ട്രൈബല്‍ ഏരിയ ഓട്ടോണമസ് ജില്ലാ കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകം. ത്രിപുരയില്‍ ബിജെപിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ബിജെപി നേതൃത്വം ആരോപിക്കുന്നു. കൃപ രഞ്ജന്റെ കൊലപാതകം വളരെ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്‍ജി പറഞ്ഞു. ആദിവാസികളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.