തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളുള്‍പ്പെടെ 102 ലോക്‌സഭാ സീറ്റുകളിലേക്കാണ് ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ചെന്നൈ നോര്‍ത്ത് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ആവേശകരമായ മത്സരമാണ് നടക്കുന്നത്.
1625 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നത്. തമിഴ്‌നാട്ടില്‍ 950 സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 102 മണ്ഡലങ്ങളിലെ ജനവിധിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് എന്‍ഡിഎയും ഇന്ത്യാ സഖ്യവും മുന്നോട്ട് പോകുന്നത്. കഴിഞ്ഞതവണ നേരിയ ആധിപത്യം എന്‍ഡിഎയ്ക്കാണ് ലഭിച്ചത്. 2019ലെ കണക്കുപ്രകാരം, എന്‍ഡിഎയ്ക്ക് 51 സീറ്റും ഇന്ത്യാസഖ്യം പാര്‍ട്ടികള്‍ക്ക് 48 സീറ്റുമായിരുന്നു.
തുടര്‍ഭരണം ലക്ഷ്യമിടുന്ന എന്‍ഡിഎയ്ക്ക് ഈ സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ സീറ്റുകള്‍ ലഭിക്കേണ്ടതുണ്ട്. മറിച്ച് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലൂടെ കൂടുതല്‍ സീറ്റുകളാണ് ഇന്ത്യാ സഖ്യം ലക്ഷ്യമിടുന്നത്. ഒന്നാംഘട്ടത്തിലെ രണ്ട് പ്രധാന സംസ്ഥാനങ്ങള്‍ തമിഴ്‌നാടും രാജസ്ഥാനുമാണ്. ആകെ 102 സീറ്റുകളില്‍ 39 എണ്ണവും തമിഴ്‌നാട്ടിലാണെന്നത് ഇന്ത്യാസഖ്യത്തിനു അനുകൂലമാണ്.
സംസ്ഥാനത്തെ സീറ്റുകള്‍ തൂത്തുവാരാമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ സഖ്യം. കോണ്‍ഗ്രസിനും ഇടത് പക്ഷത്തിനും മുസ്ലിം ലീഗിനുമൊപ്പമുള്ള മുന്നണിയിലൂടെ 39 സീറ്റും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് സ്റ്റാലിനും സംഘവും പ്രതീക്ഷിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലുള്‍പ്പെടെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപി പറയുന്നത്.
രാജസ്ഥാനിലെ 12 സീറ്റുകളാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. ബിജെപി ബന്ധം ഉപേക്ഷിച്ച ആര്‍എല്‍ടിപി നേതാവ് ഹനുമാന്‍ ബനിവാള്‍ 2019ല്‍ വിജയിച്ച നഗൗറും സിപിഎമ്മിനു വിട്ടുകൊടുത്ത സീക്കറിലും ഇന്ത്യാസഖ്യത്തിന് ഇവിടെ പ്രതീക്ഷയുണ്ട്. നിതിന്‍ ഗഡ്കരി, ചിരാഗ് പാസ്വാന്‍, നകുല്‍ നാഥ്, കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്‍, കനിമൊഴി കരുണാനിധി. ജിതിന്‍ പ്രസാദ തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാന നേതാക്കള്‍.