സിപിഎമ്മിന്‍റെ അടിത്തറക്ക് ഒരു ഇളക്കവുമില്ല; വോട്ടുചെയ്യുമ്പോൾ ജനങ്ങളെ സ്വാധീനിച്ച കാര്യങ്ങൾ എന്താണെന്ന് പരിശോധിക്കും: എംവി ഗോവിന്ദൻ

Update: 2024-06-05 10:38 GMT

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അടിത്തറക്ക് ഒരു ഇളക്കവും സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തോല്‍വി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. വോട്ടുചെയ്യുമ്പോള്‍ ജനങ്ങളെ സ്വാധീനിച്ച കാര്യങ്ങള്‍ എന്താണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷത്തേയും ഭൂരിപക്ഷത്തേയുമെല്ലാം മുഖവിലക്കെടുത്തുകൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ ട്രെന്‍ഡാണ് ഈ പ്രാവശ്യവും ഉണ്ടായതെന്നാണ് പൊതുചിത്രം. ഇവിടെ ആര്‍ക്ക് വോട്ട് ചെയ്താലും അഖിലേന്ത്യാ തലത്തില്‍ ഒന്നിച്ചാണുണ്ടാവുക എന്നൊരു ധാരണ ജനങ്ങള്‍ക്കുണ്ടായിരുന്നു. അതൊക്കെ ബാധിച്ചിട്ടുണ്ട്.തോല്‍വി പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ബിജെപി വോട്ടില്‍ വലിയ ശതമാനം വര്‍ധനവൊന്നും ഉണ്ടായിട്ടില്ല. ചില മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍ വന്നിട്ടുണ്ട്. അക്കാര്യം പരിശോധിക്കും.

വടകരയില്‍ വര്‍ഗീയതയും അശ്ലീലവും ഉപയോഗിച്ചിട്ടുണ്ട്. അത് ജനങ്ങള്‍ പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടില്ല. മതസൗഹാര്‍ദം നിലനിര്‍ത്താനാവശ്യമായ സജീവ ഇടപെടലുകളാണ് പാര്‍ട്ടി അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.

പരാജയവും വിജയവും തിരഞ്ഞെടുപ്പില്‍ സാധാരണമാണ്. ബിജെപിക്കെതിരെയുള്ള ജനവിധിയാണ് രാജ്യത്ത് ഉണ്ടായത്. ബിജെപിയുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞു. ഇന്‍ഡ്യ മുന്നണിക്ക് മികച്ച വിജയമുണ്ടാക്കാന്‍ സാധിച്ചു. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതാണ് തൃശൂരില്‍ ബിജെപിയുടെ വിജയത്തിന് കാരണം. എല്‍ഡിഎഫ് വോട്ടുകള്‍ തൃശൂരില്‍ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News