ന്യൂഡല്‍ഹി: മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ ആദ്യ രണ്ടു മണിക്കൂറില്‍ 10.57% പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രമുഖ നേതാക്കളെല്ലാം രാവിലെതന്നെ ബുത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒപ്പമായിരുന്നു പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്താനെത്തിയത്. പിന്നീട് അമിത് ഷായും കുടുംബവും മറ്റൊരു ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുല്‍ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്‌രജൗരി മണ്ഡലത്തില്‍ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്.
ശരദ് പവാര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബാരാമതിയില്‍ വോട്ട് രേഖപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മകള്‍ സുപ്രിയ സുലെയാണ് ബാരാമതിയിലെ എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ഥി. അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി ഇവിടെ അജിത്തിന്റെ ഭാര്യ സുനേത്രയെ ആണ് മത്സരിപ്പിക്കുന്നത്. സുപ്രിയ ഇവിടെ നാലാം വട്ടമാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ 6 ലക്ഷത്തോളം വോട്ടുകളാണ് നേടിയത്.
ഈ ഘട്ടത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍: അമിത് ഷാ (ഗാന്ധിനഗര്‍, ഗുജറാത്ത്), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ, മധ്യപ്രദേശ്), മന്‍സൂഖ് മാണ്ഡവ്യ (പോര്‍ബന്ധര്‍, ഗുജറാത്ത്), പര്‍ഷോത്തം രൂപാല (രാജ്‌കോട്ട്, ഗുജറാത്ത്), പ്രഹ്ലാദ് ജോഷി (ധാര്‍വാഡ്, കര്‍ണാടക), എസ്.പി. സിങ് ബാഗേല്‍ (ആഗ്ര, ഉത്തര്‍പ്രദേസ്), ഡിംപിള്‍ യാദവ് (മെയ്പുരി ഉത്തര്‍പ്രദേശ്), സുപ്രിയ സുലെ (ബാരാമതി, മഹാരാഷ്ട്ര).
ഈ ഘട്ടം പൂര്‍ത്തിയാകുന്നതോടുകൂടി ലോക്‌സഭയിലെ 283 സീറ്റുകളിലേക്കുള്ള മത്സരമാണ് കഴിയുന്നത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അഹമ്മദാബാദിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പാര്‍ട്ടി സെക്രട്ടറി സോനല്‍ പട്ടേലാണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.