പാസ്‌പോര്‍ട്ടിലെ താമര: സുരക്ഷാനടപടികളുടെ ഭാഗമെന്ന്; വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം
വ്യാജപാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താനും സുരക്ഷയ്ക്കും വേണ്ടിയാണ് ദേശീയ പുഷ്പമായ താമര ചിഹ്‌നം ഉള്‍പ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: പുതുതായി വിതരണത്തിനെത്തിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്‌നം പതിപ്പിച്ചത് വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്ത്. സുരക്ഷാനടപടികളുടെ ഭാഗമായിട്ടാണെന്ന് താമര ചിഹ്‌നം പതിപ്പിച്ചതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാസ്‌പോര്‍ട്ടില്‍ താമര ചിഹ്‌നം ഉപയോഗിച്ചതിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. കോണ്‍ഗ്രസ് എംപി എം കെ രാഘവന്‍ കഴിഞ്ഞദിവസം ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്‌നം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഓഫിസുകള്‍ കാവിവല്‍ക്കരിക്കുന്നതിന്റെ ഭാഗമാണെന്ന് എംപി ആരോപിച്ചു. അതേസമയം, വ്യാജപാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താനും സുരക്ഷയ്ക്കും വേണ്ടിയാണ് ദേശീയ പുഷ്പമായ താമര ചിഹ്‌നം ഉള്‍പ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
മറ്റ് ദേശീയ ചിഹ്‌നങ്ങളും അടുത്തഘട്ടത്തില്‍ ഉപയോഗിക്കും. ഇപ്പോള്‍ ഇത് താമരയാണ്. അടുത്ത മാസം മറ്റെന്തെങ്കിലുമുണ്ടാവും. ദേശീയ പുഷ്പം അല്ലെങ്കില്‍ ദേശീയ മൃഗം പോലുള്ള ഇന്ത്യയുമായി ബന്ധപ്പെട്ട ചിഹ്‌നങ്ങളായിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ വിതരണം ചെയ്ത പാസ്‌പോര്‍ട്ടിലാണ് താമര ചിഹ്‌നം ഉള്‍പ്പെടുത്തിയതായി നേരത്തെ കണ്ടെത്തിയത്. പാസ്‌പോര്‍ട്ട് ഓഫിസറുടെ ഒപ്പും സീലും വെക്കുന്ന പേജിലാണ് ദീര്‍ഘചതുരത്തിലുള്ള കള്ളിയില്‍ താമര രേഖപ്പെടുത്തിയത്. മുമ്പുനല്‍കിയിരുന്ന പാസ്‌പോര്‍ട്ടില്‍ ഓഫിസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇപ്പോള്‍ ഈ പേജിന്റെ താഴെയാണ് ദീര്‍ഘചതുരത്തില്‍ താമരയുള്ളത്. ഇത് എന്തിനാണെന്ന് സംശയം ചോദിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പാസ്‌പോര്‍ട്ട് ജീവനക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല.