ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലുഗ്രൂപ്പ്; ഇന്ത്യയില്‍ പുതുതായി 12 മാളുകള്‍ തുടങ്ങും
19,000 കോടി രൂപയാണ് രാജ്യത്ത് വിവിധയിടങ്ങളിലായി കമ്പനി നിക്ഷേപിക്കുന്നത്. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് സെന്റര്‍ തുടങ്ങി വിവിധ മേഖലകളിലായിരിക്കും നിക്ഷേപം.
രാജ്യത്ത് തങ്ങളുടെ സാന്നിധ്യം അടുത്ത മൂന്ന് വര്‍ഷത്തിനകം മൂന്നു ഇരട്ടിയായി ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. മലയാളിയായ എം എ യൂസഫലിയുടെ കീഴിലുള്ള യുഎഇ ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കമ്പനി രാജ്യത്ത് റീറ്റൈയ്ല്‍ മേഖലയില്‍ വന്‍ നിക്ഷേപത്തിനാണ് പദ്ധതിയിടുന്നത്.
19,000 കോടി രൂപയാണ് രാജ്യത്ത് വിവിധയിടങ്ങളിലായി കമ്പനി നിക്ഷേപിക്കുന്നത്. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് സെന്റര്‍ തുടങ്ങി വിവിധ മേഖലകളിലായിരിക്കും നിക്ഷേപം.
ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 12 വലിയ മാളുകള്‍ കൂടി തുറക്കുമെന്നാണ് കമ്പനിയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിലും ബെംഗളുരുവിലുമായി 0.5 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് ചെറിയ മാളുകള്‍ ആണ് ലുലു പദ്ധതിയിട്ടിരിക്കുന്നത്. 8 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിക്ക് നിലവില്‍ 50,000 ജീവനക്കാരാണ് ആഗോളതലത്തിലുള്ളത്. പുതിയ നിക്ഷേപമെത്തുന്നതോടെ ലുലുവിന്റെ വര്‍ക്ക് ഫോഴ്‌സും ഉയരും.
ഇന്ത്യയില്‍ അഞ്ച് ഷോപ്പിംഗ് മാളുകളാണ് നിലവില്‍ ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, ബംഗളുരു എന്നിവിടങ്ങളിലും ലക്‌നൗവിലുമാണ് ഇവ. ഇതില്‍ ഏറ്റവുമൊടുവില്‍ ലക്‌നൗവില്‍ ആരംഭിച്ച മാളാണ് രാജ്യത്തെ ഏറ്റവും വലിയ ലുലു ഷോപ്പിങ് മാള്‍.
പ്രധാന നഗരങ്ങള്‍ക്ക് പുറമെ ചെറു പട്ടണങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ലുലു ഗ്രൂപ്പിന്റെ ശ്രമം. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാള്‍ ശൃംഖല സ്വന്തമായുള്ള ലുലു ഗ്രൂപ്പിന് ലോകമെമ്പാടുമായി 233 ഹൈപ്പര്‍മാര്‍ക്കറ്റുകളും 24 ഷോപ്പിങ് മാളുകളുമാണ് നിലവിലുള്ളത്.