ബിഎസ്പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു; മധ്യപ്രദേശ് സര്‍ക്കാരിനു മായാവതിയുടെ താക്കീത്
ഭോപാല്‍: കമല്‍നാഥിന്റെ നേതൃത്ത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാരിനു നല്‍കി വരുന്ന പിന്തുണ പിന്‍വലിക്കുമെന്നു ബിഎസ്പി അധ്യക്ഷ മായാവതിയുടെ ഭീഷണി. സംസ്ഥാനത്തെ ബിഎസ്പി സ്ഥാനാര്‍ഥി രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണു മായാവതിയുടെ ഭീഷണി. ഗുണയിലെ എസ്പിബിഎസ്പി സഖ്യസ്ഥാനാര്‍ഥി ലോകേന്ദ്ര സിങ് രാജ്പുത്താണ് രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുണയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോതിരാദിത്യസിന്ധ്യയെ പിന്തുണച്ചാണ് ലോകേന്ദ്ര സിങ് രാജ്പുത്ത് ബിഎസ്പിയില്‍ നിന്നു രാജിവച്ചത്. ഭീഷണിപ്പെടുത്തിയാണ് രാജ്പുത്തിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തതെന്നാണ് മായാവതിയുടെ ആരോപണം. ഭയപ്പെടുത്തിയാണ് രാജ്പുത്തിനെ കോണ്‍ഗ്രസില്‍ ചേര്‍ത്തത്. അതിനാല്‍ തന്നെ സര്‍ക്കാരിനുള്ള പിന്തുണ തുടരുന്ന കാര്യത്തില്‍ പുനരാലോചന വേണം. ഗുണയില്‍ സ്വന്തം ചിഹ്നത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി മല്‍സരിക്കുമെന്നും മായാവതി വ്യക്തമാക്കി. ബിഎസ്പി പിന്തുണ പിന്‍വലിക്കുന്നത് മധ്യപ്രദേശ് സര്‍ക്കാരിന്റെ നിലനില്‍പു പ്രതിസന്ധിയിലാക്കും. കേവല ഭൂരിപക്ഷത്തിനു 116 സീറ്റ് ആവശ്യമുള്ള സംസ്ഥാനത്തു 114 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. ബിഎസ്പിയുടെ രണ്ട് എംഎല്‍എമാരുടെയും എസ്പിയുടെ ഒരാളുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്നത്.