കൊവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തിലെ ശമ്പളത്തില്‍നിന്ന് 60 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചത്.

Update: 2020-03-31 09:21 GMT

മുംബൈ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മാസശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തിലെ ശമ്പളത്തില്‍നിന്ന് 60 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ചാണ് ശമ്പളം വെട്ടിച്ചുരുക്കുന്നത്. മുഖ്യമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍, കോര്‍പറേഷന്‍ ചെയര്‍പേഴ്‌സന്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും വെട്ടിച്ചുരുക്കുന്നുണ്ട്.

75 ശതമാനം വെട്ടിച്ചുരുക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും മറ്റ് യൂനിയന്‍ നേതാക്കളുമായും കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ അജിത് പവാര്‍ പറഞ്ഞു. കരാര്‍ ജീവനക്കാരുടെ പത്തുശതമാനം ശമ്പളം പിടിക്കും. മുന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ 50 ശതമാനം പെന്‍ഷനും വെട്ടിച്ചുരുക്കും. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവും വെട്ടിച്ചുരുക്കാന്‍ തീരുമാനമായിട്ടുണ്ട്.

ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ശമ്പളം 60 ശതമാനം വെട്ടിച്ചുരുക്കും. എത്രമാസത്തേക്കാണ് ശമ്പളം വെട്ടിച്ചുരുക്കുക എന്നതിനെപ്പറ്റി സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നേരത്തെ, കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തെലങ്കാനയും ശമ്പളം വെട്ടിക്കുറച്ചിരുന്നു.

Tags:    

Similar News