തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാന പട്ടോലയെ ഉദ്ധരിച്ച് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബില്ലിന്റെ കരട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരട് തയ്യാറായിക്കഴിഞ്ഞാല്‍ വരുന്ന ബജറ്റ് സമ്മേളനത്തില്‍ വോട്ടെടുപ്പ് നടക്കും.

Update: 2021-02-03 07:04 GMT

മുംബൈ: ഇലക്ട്രോണിക് വോട്ടിങ് യന്ത്ര (ഇവിഎം) ത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ഇതിനായി പ്രത്യേക നിയമം പാസ്സാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാന പട്ടോലയെ ഉദ്ധരിച്ച് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബില്ലിന്റെ കരട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരട് തയ്യാറായിക്കഴിഞ്ഞാല്‍ വരുന്ന ബജറ്റ് സമ്മേളനത്തില്‍ വോട്ടെടുപ്പ് നടക്കും.

നിയമം പാസ്സായാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പായിരിക്കും നടക്കുക. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇത് ബാധകമായിരിക്കില്ല. ഇത്തരമൊരു നിയമം പാസ്സാക്കുന്നതിന് സര്‍ക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് നാനാ പട്ടോല പറഞ്ഞു. ഭരണഘടനാ അനുച്ഛേദം 328 പ്രകാരം സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു നിയമം പാസ്സാക്കാം. വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒരു തിരഞ്ഞെടുപ്പ് ന്യായവും നിഷ്പക്ഷവുമാക്കേണ്ടത് അനിവാര്യമാണ്.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിനോട് യോജിപ്പ് മാത്രമേ ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ പാസ്സായാല്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്ന ആദ്യസംസ്ഥാനമാവും മഹാരാഷ്ട്ര. മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ സഖ്യപക്ഷികളായ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവര്‍ക്ക് ബാലറ്റ് പേപ്പറുകള്‍ വീണ്ടും കൊണ്ടുവരുന്നതിനോട് ഒരേ അഭിപ്രായമാണുള്ളത്. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് ഏതാനും വര്‍ഷങ്ങളായി പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം ഉന്നയിച്ചുവരുന്നിരുന്നു. ഇവിഎമ്മില്‍ കൃത്രിമം കാട്ടിയാണ് ബിജെപി അധികാരത്തിലെത്തിയതെന്ന വിമര്‍ശനം കോണ്‍ഗ്രസ് വര്‍ഷങ്ങളായി ഉയര്‍ത്തുന്ന വിഷയമാണ്.

ഇവിഎമ്മില്‍ കൃത്രിമം കാട്ടിയത് സംബന്ധിച്ച് പല റിപോര്‍ട്ടുകളും പുറത്തുവരികയുണ്ടായി. ഇതുസംബന്ധിച്ച പരാതികള്‍ കോടതി കയറിയിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. അതേസമയം, ഇവിഎമ്മില്‍ കൃത്രിമം നടക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം തള്ളിക്കളയുകയാണ് എല്ലാക്കാലത്തും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തിട്ടുള്ളത്. ബാലറ്റ് പേപ്പര്‍ തിരികെക്കൊണ്ടുവരുന്നതിന് നിയമനിര്‍മാണം നടത്താനുള്ള തീരുമാനം എന്‍സിപി നേതാവ് മജീദ് മേമന്‍ സ്ഥിരീകരിച്ചു, ഇവിഎമ്മുകള്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തതില്‍് നിരവധി പരാതികള്‍ വന്നിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തുന്ന ആളുകളുടെ വിശ്വാസമാണ് പ്രധാനമെന്നും മേമന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News