ഹിമാചലില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മുന്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 26 നേതാക്കള്‍ ബിജെപിയില്‍
ഷിംല: നിയമസഭാ തിരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഹിമാചലിലെ പ്രമുഖരായ 26 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ധരംപാല്‍ താക്കൂര്‍, മുന്‍ സെക്രട്ടറി ആകാശ് സൈനി, മുന്‍ കൗണ്‍സിലര്‍ രാജന്‍ താക്കൂര്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ നെഗി തുടങ്ങി പ്രമുഖരാണ് ബിജെപി പാളയത്തിലെത്തിയത്. ആകെ 26 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഹിമാചല്‍ മുഖ്യമന്ത്രി ജയറാം താക്കൂര്‍, സംസ്ഥാന ചുമതലയുള്ള സുധന്‍ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപി അംഗത്വമെടുത്തത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരുടെ ജന്‍മനാടാണ് ഹിമാചല്‍. ഇരുവരും ദിവസങ്ങളായി സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രചാരണം നയിക്കുകയാണ്. കോണ്‍ഗ്രസ് വിട്ടെത്തിയ നേതാക്കെളയും പ്രവര്‍ത്തകരെയും മുഖ്യമന്ത്രി ജയറാം താക്കൂര്‍ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ബിജെപിയുടെ ചരിത്ര വിജയത്തിനായി ഒരുമിച്ചുപ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതിയ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്നാണ് സംസ്ഥാനത്തെത്തുന്നത്. ഇതിനിടെയാണ് പാര്‍ട്ടി നേതാക്കളുടെ കൂടുമാറ്റം. രണ്ടുദിവസമാണ് സംസ്ഥാനത്തെ പ്രചാരണ പരിപാടികളില്‍ ഖാര്‍ഗെ പങ്കെടുക്കുക. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടി അധികാരത്തിലെത്തുമെന്നാണ് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞത്. ജനങ്ങളില്‍നിന്ന് അതിഗംഭീരമായ പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.