സ്ഥാനാർത്ഥിത്വം ഒഴിഞ്ഞ് പാർട്ടി വിട്ട കോൺഗ്രസ് ദേശീയ വക്താവ് രോഹൻ ഗുപ്ത ബിജെപിയിൽ ചേർന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവും അഹമ്മദാബാദ് ഈസ്റ്റ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച രോഹന്‍ ഗുപ്ത സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിട്ടത്. ജയറാം രമേശിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് രോഹന്‍ ഗുപ്ത പാര്‍ട്ടി വിട്ടത്. സനാതന ധര്‍മ്മം അപമാനിക്കപ്പെട്ടപ്പോള്‍ തങ്ങളോട് മിണ്ടാതിരിക്കാന്‍ ജയറാം രമേശ് ആവശ്യപ്പെട്ടുവെന്നാണ് വിമര്‍ശനം.
രാജ്യത്തിന്റെ പേരില്‍ ഒരു സഖ്യമുണ്ടാക്കിയെങ്കിലും ദേശ വിരുദ്ധ കക്ഷികളെയെല്ലാം അതിന്റെ ഭാഗമാക്കിയെന്നും രോഹന്‍ വിമര്‍ശിച്ചു. ഖലിസ്ഥാനികളുമായി അടുത്ത ബന്ധമുള്ള കെജ്രിവാളിനെ കോണ്‍ഗ്രസ് പിന്തുണക്കുന്നതിന്റെ അര്‍ത്ഥം എന്താണെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
മാര്‍ച്ച് 22 നാണ് രോഹന്‍ ഗുപ്ത കോണ്‍ഗ്രസ് വിട്ടത്. മുതിര്‍ന്ന നേതാക്കള്‍ വ്യക്തിഹത്യ നടത്തുന്നുവെന്നും അപമാനിക്കുന്നുവെന്നും ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തന്നെ അധിക്ഷേപിച്ചുകൊണ്ടിരുന്ന നേതാവ് ഇപ്പോഴും ആ പ്രവര്‍ത്തി അവസാനിപ്പിച്ചിട്ടില്ല. അദ്ദേഹമത് ഇനിയും തുടരും. ആരും അദ്ദേഹത്തെ ചോദ്യം ചെയ്യില്ല, തടയുകയുമില്ല. അദ്ദേഹത്തിന്റെ അതി തീവ്ര ഇടതനുകൂല നിലപാടാണ് സനാതന ധര്‍മ്മം അധിക്ഷേപിക്കപ്പെട്ട സമയത്ത് താനുള്‍പ്പടെയുള്ളവരെ നിശബ്ദരാക്കിയത്. അതെന്നെ വ്യക്തിപരമായി ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായിരുന്ന ബോക്‌സര്‍ വിജേന്ദ്ര സിംഗ് കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. അദ്ദേഹം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇക്കുറിയും സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നെങ്കിലും അതിന് മുന്‍പ് അദ്ദേഹം ബിജെപിയിലേക്ക് പോവുകയായിരുന്നു.